ഇൻഡ്യാ സഖ്യത്തിലെ ഭിന്നതകൾ അവസാനിപ്പിക്കണമെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. പരസ്യമായ അനൈക്യം പൊതുസമൂഹത്തിൽ സഖ്യത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്നും സ്വയം ഭിന്നിക്കാതെ ഇൻഡ്യാ സഖ്യം ഒറ്റ ബ്ലോക്കായി നിൽക്കണമെന്നും കപിൽ സിബൽ പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബലിന്റെ പരാമർശം.
സഖ്യത്തിന് ഒരു യോജിച്ച നയവും പ്രത്യയശാസ്ത്ര ചട്ടക്കൂടും ഭാവി പരിപാടിയും വേണമെന്നും കപിൽ സിബൽ പറഞ്ഞു. സഖ്യത്തിൻ്റെ നയനിലപാടുകൾ വിശദീകരിക്കാൻ ഔദ്യോഗിക വക്താക്കളെ നിയമിക്കണം. ദേശീയ പ്രധാന്യമുള്ള വിഷയങ്ങൾ ഉണ്ടാവുമ്പോൾ യോജിച്ച് പ്രവർത്തിക്കാൻ കഴിയണം. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാട് പറയാൻ വക്താക്കൾക്ക് കഴിയണം. അതിന് സാധിക്കുന്നില്ലെങ്കിൽ മുന്നണിക്ക് ഫലപ്രദമായി മുന്നോട്ട് പോകാനാവില്ലെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
Read more
ഇൻഡ്യാ സഖ്യത്തിന് ഒരു ഔപചാരിക ഘടന വേണമെന്ന് താൻ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇത് സ്വീകരിക്കപ്പെടുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് പരാജയപ്പെട്ട സ്ഥാപനമായി മാറിയെന്നും കപിൽ സിബൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസമില്ലായ്‌മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും സിബൽ പറഞ്ഞു.