കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ കളക്ടർ ദിവ്യ എസ് അയ്യരെ പുകഴ്ത്തി മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ. വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ എന്നാണ് എ കെ ബാലൻ വിശേഷിപ്പിച്ചത്. കെ കെ രാഗേഷിനെ കർണനോട് ഉപമിച്ചായിരുന്നു ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ദിവ്യ എസ് അയ്യർ അഭിനന്ദിച്ച് രംഗത്തെത്തിയത്. വിഷയത്തിൽ ദിവ്യ എസ് അയ്യർക്കെതിരെ സൈബർ ആക്രമണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് എ കെ ബാലൻ രംഗത്തെത്തിയത്. ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച എ കെ ബാലൻ ദിവ്യയെ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നും വിശേഷിപ്പിച്ചു.
വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നതെന്ന് എ കെ ബാലൻ കുറ്റപ്പെടുത്തി. മുരളീധരനെ പോലെയുള്ള നേതാക്കൾ സംസാരിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു സ്ത്രീയോട് കാട്ടേണ്ട മാന്യത കാട്ടിയില്ല. സഹപ്രവർത്തകനായ ശബരിനാഥന്‍റെ ഭാര്യയാണെന്ന് ഓർക്കണമായിരുന്നുവെന്നും കാർത്തികേയന്‍റെ മരുമകളാണെന്ന പരിഗണനയും നൽകിയില്ലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.
ദിവ്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടതാണെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി. കെ മുരളീധരന്റെ വിമർശനവും ഒഴിവാക്കേണ്ടിയിരുന്നുവെന്നും കെ മുരളീധരനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിച്ചത് ഓർമ വേണമായിയിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു. മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷയെന്നും ബാലൻ വിമർശിച്ചു. വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യരെന്നും ബാലൻ കൂട്ടിച്ചേർത്തു.
അതേസമയം കര്‍ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താന്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ കുറിച്ചിരുന്നു.