'ഡികെ ശിവകുമാറിന് ഭ്രാന്ത്', സാംസ്കാരിക കേരളത്തെ പരിഹസിക്കുന്ന പ്രസ്താവന: എംവി ഗോവിന്ദൻ

കേരളത്തിലെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് ഡികെ ശിവകുമാർ നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത്തരം ആരോപണങ്ങൾ കളവാണ്. ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും രാജരാജേശ്വരി ക്ഷേത്രം അത്തരം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് രാജരാജേശ്വരി ക്ഷേത്രം. രാജ്യത്തിൻറെ വിവിധ ഭാഗത്ത് നിന്നും ആളുകൾ എത്തുന്ന കേന്ദ്രമാണ് ഈ ക്ഷേത്രം. അവിടെ ബലിയോ ശത്രുസംഹാരം പൂജയോ ഒന്നുമില്ല എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ സാംസ്കാരികതയെ പരിഹസിക്കുന്നതിന് വേണ്ടി ഡി.കെ ശിവകുമാർ വർഗീയ നിലപാട് സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അത്തരത്തിലുള്ള ഒരു പൂജയും ക്ഷേത്രത്തിലില്ല എന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം എക്സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കും എം.വി ഗോവിന്ദൻ പിന്തുണ അറിയിച്ചു. എക്സാലോജിക് ആരോപണത്തിൽ കോൺഗ്രസും ബിജെപിയും നുണ പ്രചരിപ്പിക്കുകയാണ്. വസ്തുത പരിശോധിക്കാതെ ചില മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുന്നു. രണ്ടും രണ്ട് കമ്പനികളാണെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കി. പരസ്പര ബന്ധമില്ലാത്ത കമ്പനികളെ തമ്മിൽ ചേര്‍ത്ത് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നു. മാധ്യമങ്ങൾ നിരന്തരം കള്ള പ്രചാരണം നടത്തിയാൽ അതിനെ ആശയം കൊണ്ട് തന്നെ നേരിടും. എന്ത് തോന്നിവാസവും വിളിച്ച് പറയാൻ മാധ്യമങ്ങൾക്ക് അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കിയും ജയിലിൽ അടച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചു. എന്നിട്ടും മോദി ഗ്യാരണ്ടി പോലുള്ള ചെപ്പടി വിദ്യ പോലും ജനം ഉൾക്കൊണ്ടില്ല. സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അദ്ദേഹം പച്ചയായ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. ദൈവത്തിൻറെ നേരവകാശി ആണെന്ന പ്രഖ്യാപനം വരെ നടത്തിയെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് തന്നെയാണ് വിലയിരുത്തലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.