കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥത്വം ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം. ലിജു. ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്യുന്നു. സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. അര്‍ഹതയുള്ള നിരവധി നേതാക്കന്മാരുണ്ട്. ജെബി മേത്തര്‍ യോഗ്യത ഉള്ള സ്ഥാനാര്‍ത്ഥിയാണെന്നും പിന്തുണയ്ക്കുമെന്നും ലിജു പറഞ്ഞു.
ഒരു സ്ഥാനം കിട്ടിയില്ല എന്ന് കരുതി നിരാശനാകുന്ന ആളല്ല താന്‍. പാര്‍ട്ടിക്ക് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ടാകും. മറ്റ് കാരണങ്ങള്‍ കൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുത് എന്നാവശ്യപ്പെട്ട് കത്ത് അയച്ചവരോട് വിരോധമില്ല. വിജയ പരാജയങ്ങളെ വ്യക്തിപരമായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഒപ്പം നില്‍ക്കും. അദ്ദേഹത്തിന്റെ ഉള്‍പ്പടെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലിജു പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയ അഡ്വ. ജെബി മേത്തറെയാണ് പ്രഖ്യാപിച്ചത്. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത എത്തുന്നത്.