ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്ലീങ്ങളാണെന്ന് മറക്കരുതെന്നും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് ലീഗന്റെ മാതൃകയെന്നും വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. കോഴിക്കോട് സി.എച്ച് അനുസ്മരണ സെമിനാറിലാണ് ഹരിത മുൻഭാരവാഹികളെ ലക്ഷ്യംവെച്ചു കൊണ്ട് നൂർബിന വിമർശനം ഉന്നയിച്ചത്.
മുസ്‌ലിം ലീഗ് ജെൻഡർ പൊളിറ്റിക്‌സല്ല സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്നും അവർ പറഞ്ഞു. സമുദായത്തെ മറന്ന് രാഷ്ട്രീയപ്രവർത്തനം നടത്തരുത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കാണ് ലീഗ് എന്ന് ചിലർ പറയുന്നു. ലീഗിന്റെ ന്യൂനപക്ഷം എന്നാൽ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിചേർത്തു.
മുസ്ലീം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. പൊതുപ്രവർത്തകരുടെ ജീവിതം തന്നെയാണ് സന്ദേശം. നമ്മൾ നിൽക്കുന്നത് നീതിയുടെ പക്ഷത്താവണം. സ്ത്രീപക്ഷമെന്നോ, പുരുഷ പക്ഷമെന്നോ ഇല്ല. മുസ്‌ലിം ലീഗിനെ മാറ്റി നിർത്തിക്കൊണ്ട് ഒരു പോഷക സംഘടനക്കും നിലനിൽപ്പില്ല. ലീഗിന്റെ ഭരണഘടനയിൽ എവിടെയും സ്ത്രീപക്ഷ രാഷ്ട്രീയമില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
ഫാത്തിമ തഹ് ലിയ, നജ്മ തബ്ഷീറ തുടങ്ങിയവർ ചില അഭിമുഖങ്ങളിൽ ജെൻഡർ പൊളിറ്റിക്‌സ് മുന്നോട്ടുവെച്ചിരുന്നു. ഇതിനെയാണ് ഇപ്പോൾ നൂർബിന റഷീദ് തള്ളിയിരിക്കുന്നത്. അതിനിടെ മുസ്ലിം ലീഗ് നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചും മുൻ ഭാരവാഹികളെ തളളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വവും രംഗത്തെത്തി.
ലീഗ് നേതാക്കളെയും പ്രവർത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയിൽ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികൾ പരിപാടിയിൽ പറഞ്ഞു. പൊതു ബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും പുതിയ ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പ്രതികരിച്ചു.
അതേസമയം സി.എച്ച് ദിനത്തിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ ഫാത്തിമ തഹ്ലിയ രംഗത്തെത്തി. സി എച്ച് മുഹമ്മദ് കോയയുടെ നിലപാടും ആദർശവും മുസ്ലിംലീഗ് നേതൃത്വം മറക്കുകയാണെന്നും സി എച്ച് പഠിപ്പിച്ച പാതയാണ് പെൺകുട്ടികൾ പിന്തുടരുന്നതെന്ന് നേതൃത്വം ഓർക്കണമെന്നും ഫാത്തിമ പറഞ്ഞു.
സിഎച്ചിന്റെ 38–ാം ചരമവാർഷിക വേളയിൽ എഴുതിയ ലേഖനത്തിലാണ് സിഎച്ചിനെ മറക്കരുതെന്ന് എംഎസ്എഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായ ഫാത്തിമയുടെ മുന്നറിയിപ്പ്. പെൺകുട്ടികൾ പഠിച്ചും നയിച്ചും കരളുറപ്പോടെ സംസാരിക്കുന്നത് കേൾക്കുമ്പോൾ വിമ്മിട്ടം തോന്നുന്നവരെന്ന് നേതൃത്വത്തെ ലേഖനത്തിൽ വിമർശിച്ചിട്ടുണ്ട്. സിഎച്ച് ഏൽപിച്ച വസിയ്യത്താണ് തങ്ങൾ നിറവേറ്റുന്നത് ‘സിഎച്ച് അങ്ങ് കണ്ട സ്വപ്നം വെറുതയല്ല’ എന്ന ശീർഷകത്തിൽ പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഫാത്തിമ പറയുന്നു.
Read more
ഹരിതയുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഫാത്തിമയെ എംഎസ്എഫ് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഈയടുത്ത് ലീഗ് നേതൃത്വം ഇടപെട്ട് പുറത്താക്കിയത്.