കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ക്രിമിനലുകൾ കാണിച്ച തോന്ന്യവാസമാണെന്നും അത് എസ്എഫ്ഐയുടെ മുകളിൽ ചാരി വെയ്ക്കരുതെന്നും പി എം ആർഷോ പറഞ്ഞു. നഴ്‌സിംഗ് കോളേജിലെ സംഘടനയ്ക്ക് എസ്എഫ്ഐയുമായി ബന്ധമില്ല. എസ്എഫ്ഐയ്ക്ക് നഴ്‌സിംഗ് കോളേജിൽ യൂണിറ്റില്ലെന്നും ആർഷോ പറഞ്ഞു.
ചില കുളംകലക്കികൾ നടത്തുന്ന പ്രചരണം തള്ളിക്കളയണമെന്നും ആർഷോ പറഞ്ഞു. കെപിസിസി പ്രസിഡൻ്റാണ് ഇത് തുടങ്ങിയത്. ആ കോളേജിൽ എസ്എഫ്ഐ പ്രവർത്തനമില്ല. എന്നിട്ടും പ്രതികളെ എസ്എഫ്ഐ ആക്കാനാണ് ശ്രമം നടക്കുന്നത്. കൊതുകിനും മൂട്ടക്കും എവിടെയും ചോര മതി. കൊതുക് സ്റ്റുഡൻ്റസ് യൂണിയനായി കെഎസ്‌യു മാറി. മൂട്ട സ്റ്റുഡൻ്റ്സ് ഫെഡറേഷനായി എംഎസ്എഫ് മാറി.
കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (കെജിഎസ്എൻഎ) എസ്എഫ്ഐയുമായി ബന്ധമില്ല. എസ്എഫ്ഐയുടെ പോഷക സംഘടനയല്ല കെജിഎസ്എൻഎ. അടിസ്ഥാനമില്ലാത്ത പ്രചാരണമാണ് നടത്തുന്നത്. മാധ്യമങ്ങൾ ഈ അജണ്ടയോടൊപ്പം തുള്ളരുതെന്നും ആർഷോ കൂട്ടിച്ചേർത്തു.