കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ജനങ്ങളെക്കൊണ്ട് കറുത്ത മാസ്‌ക് അഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ അറിയിച്ചിരുന്നു. കോട്ടയത്തും എറണാകുളത്തും മലപ്പുറത്തും ജനങ്ങള്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്നത് വിലക്കിയത് വിവാദമായിരുന്നു. കറുത്ത മാസ്‌കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.
അതിനിടെ, മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തുന്നവര്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കണമെന്ന് കോഴിക്കോട് ലത്തീന്‍ രൂപത അറിയിച്ചു. പരിപാടിക്കെത്തുന്ന വിശ്വാസികള്‍ക്ക് രൂപത ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.
മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധ പരമ്പരകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. കറുത്ത മാസ്‌ക്കണിഞ്ഞ് ഉദ്ഘാടന വേദിയില്‍ എത്തിയവര്‍ക്ക് പകരം മഞ്ഞ മാസ്‌ക്ക് നല്‍കിയാണ് പ്രവേശനം അനുവദിച്ചത്.