ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നിയമസഭ ലോകായുക്ത നിയമം പാസാക്കിയത് അഴിമതിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിയമത്തിലെ 14ാം വകുപ്പില്‍ ഭേദഗതി വരുത്തുന്നതോടെ നിയമം തന്നെ അപ്രസക്തമായി മാറുമെന്നും എം.പി കത്തില്‍ വ്യക്തമാക്കി.
ലോകായുക്ത ഭേദഗതിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു. ഓര്‍ഡിനന്‍സിന് ആവശ്യമായ ചര്‍ച്ചകള്‍ എല്‍.ഡി.എഫില്‍ നടന്നിട്ടില്ലെന്നും, സഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കേണ്ടതാണ് ഈ ഭേദഗതി. എങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്തെച്ചുവെന്നും, ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കെ ഇത്തരം നീക്കം നടത്തുന്നത് തികച്ചും ദുരൂഹമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.ഐ തള്ളിപ്പറഞ്ഞതോടെ സര്‍ക്കാരിന്റെ തിടുക്കം എന്തിനാണെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.