വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി റേഷന്‍കടകള്‍ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ടുള്ള സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ആവശ്യപ്പെട്ടു.
സമരത്തിന് ആധാരമായി റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ജൂലൈ 4ന് റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ഭക്ഷ്യ- ധന വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ് ഓര്‍ഡറില്‍ കാലോചിതമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് വരികയാണ്.
ഇതിനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ മന്ത്രി യോഗത്തില്‍ അറിയിച്ചിരുന്നു. റേഷന്‍ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായും ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രിമാര്‍ യോഗത്തെ അറിയിച്ചു.
കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങാനുള്ള അവസരം നിഷേധിക്കുന്ന കട അടച്ചിട്ടുള്ള സമര പരിപാടികളില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.