കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഇന്ധനവില ഇത്രയും നാളും ഉയർന്നു നിന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരത മൂലമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്ന് വി.ടി ബൽറാം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവ്. രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.
വി.ടി ബൽറാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഇപ്പോൾ മനസ്സിലായോ ഇന്ധനവില ഇത്രയും നാളും ഉയർന്നുനിന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരത മൂലമാണെന്ന്? മോദി സർക്കാരിനെതിരെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്താനായാണ് കേരളത്തിലെ സിപിഎമ്മുകാർ ഈ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്താൻ നിരന്തരം പെടാപ്പാട് പെട്ടിരുന്നത്. ആഭ്യന്തരവിലയെ ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിലയുമായി, അതായത് ഉത്പാദനച്ചെലവുമായി ബന്ധപ്പെടുത്തി നിശ്ചയിക്കുന്ന പെട്രോൾ പ്രൈസിംഗ് ഡീറഗുലേഷൻ എന്ന യുപിഎ സർക്കാരിന്റെ നയം മൂലമല്ല, അതിന് വിരുദ്ധമായി ക്രൂഡ്ഓയിലിന് വില കുറയുമ്പോഴും നികുതി കുത്തനെ കൂട്ടി വില ഉയർത്തിത്തന്നെ നിർത്തുന്ന മോദി സർക്കാരിന്റെ ജനദ്രോഹ സമീപനമായിരുന്നു പ്രശ്നത്തിന്റെ യഥാർത്ഥ കാരണം.
വ്യക്തിതലത്തിൽ ഉണ്ടാവുന്ന ചില ചെറിയ അസൗകര്യങ്ങൾ സഹിച്ചും ഈ വലിയ പോരാട്ടത്തിൽ രാജ്യവ്യാപകമായി അണിനിരന്ന സാധാരണക്കാരുടേതാണ് ഭരണാധികാരികളെ തിരുത്തിച്ചുകൊണ്ടുള്ള ഈ വിജയം, പ്രിവിലിജിന്റെ അങ്ങേത്തലയ്ക്ക് നിന്ന് ആ അതിജീവന സമരങ്ങളെ പുച്ഛിക്കുന്ന അരാഷ്ട്രീയ സെലിബ്രിറ്റി ഷോജുമാരുടേതല്ല.