സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയേകി മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാരും പണിമുടക്ക് ആരംഭിച്ചതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. രാവിലെ മുതല്‍ ആശുപത്രിയിലെത്തിയ രോഗികള്‍ പലരും തിരികെ പോയി. സമരം നടത്തുന്ന ഹൗസ് സര്‍ജന്‍മാരെ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു.
മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയതോടെ ഹൗസ് സര്‍ജന്‍മാരെയും, മെഡിക്കല്‍ കോളജ് അധ്യാപകരെയും വെച്ചാണ് ആരോഗ്യ വകുപ്പ് പ്രതിസന്ധി പരിഹരിച്ചത്. എന്നാല്‍ അവരും സമരത്തിന് ഇറങ്ങിയതോടെ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരില്ലാതെയായി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ഒ.പികളില്‍ പകുതി ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉള്ളത്.
ഡോക്ടര്‍മാരില്ലാത്തതിനാല്‍ നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകള്‍ മാറ്റി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ഇന്ന് ഉണ്ടാകൂ. ഡോക്ടര്‍മാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സീനിയര്‍ ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് കൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബദല്‍ സംവിധാനം ഒരുക്കിയത്. പി.ജി ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനഃസ്ഥാപിക്കണമെന്ന് ആവശ്യവുമായി കെജിഎംഒഎ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നില്‍പ്പുസമരം ആറാം ദിവസത്തിലേക്കും കടന്നു.
പി.ജി ഡോക്ടര്‍മാർ ഉന്നയിച്ച പ്രധാന ആവശ്യമായ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്ന് സമരക്കാര്‍ പറയുന്നു. സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്.