'ഇങ്ങനെയൊക്കെ കിട്ടുന്നത് നിങ്ങളുടെ സ്വഭാവം കൊണ്ട്' ; ആരോഗ്യപ്രവ‍ര്‍ത്തകരെ അധിക്ഷേപിച്ച് കോങ്ങാട് എം.എൽ.എ; പരാതിയുമായി ഡോക്ടർമാർ

കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ. ഭർത്താവിന് ചികിത്സ തേടി ആശുപത്രിയിലെത്തിയ എംഎൽഎ, ആരോഗ്യപ്രവ‍ര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ അത്യാഹിത വിഭാഗം ഭർത്താവിന്റെ ചികിത്സയ്ക്കായി എത്തിയ സമയമാണ് സംഭവം.

പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കിയാണ് മരുന്ന് എഴുതിയത്. ഇതോടെ എംഎൽഎ ഇടപെട്ടു. എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നാണ് ഡോക്ടർമാർ പറയുന്നത്. നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.

Read more

എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ച് എംഎൽഎ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഡോക്ടർമാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ട‍ര്‍മാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും എംൽഎ വ്യക്തമാക്കി. താൻ ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ കെ.ശാന്തകുമാരി അറിയിച്ചു.