ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍, 1,57,000 രൂപയും കണ്ടെത്തി

കോഴിക്കോട് ചേവായൂര്‍ ആര്‍ടി ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍നിന്നും ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെത്തിയത്.

പെട്ടിക്കടയില്‍നിന്ന് 1,57,000 രൂപയും വിജിലന്‍സ് കണ്ടെത്തി. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കി നല്‍കാനും ലൈസന്‍സ് സംഘടിപ്പിക്കുന്നതിനുമായി ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്.

ഉദ്യോഗസ്ഥര്‍ സമീപത്ത് കട നടത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരിലൂടെ കൈക്കൂലി കൈപറ്റുകയും ചെയ്യുന്നുവെന്നാണ് ആരോപണം.