മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ല; യുഡിഎഫ് നേതാക്കള്‍ മാന്യത പ്രകടിപ്പിക്കണം; കെ സുധാകരനെ കടന്നാക്രമിച്ച് പിഎംഎ സലാം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കടുത്ത രോക്ഷം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു കെ സുധാകരന്റെ പട്ടി പരാമര്‍ശത്തില്‍ പിഎംഎ സലാം ആദ്യം പ്രതികരിച്ചത്. കെ സുധാകരന്‍ മാത്രമല്ല ഏത് നേതാവായാലും പ്രതികരണങ്ങളില്‍ മാന്യത പ്രകടിപ്പിക്കണമെന്ന് പിഎംഎ സലാം പറഞ്ഞു.

മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിക്കണം. ഇത് മുന്‍പ് പല തവണ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ പ്രസ്താവന യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുന്ന കാര്യം കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് പിഎംഎ സലാം പ്രതികരിച്ചിരുന്നു.

Read more

സിപിഎം നടത്തുന്ന പാലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രതികരിക്കുമ്പോഴായിരുന്നു കെ സുധാകരന്റെ പട്ടി പരാമര്‍ശം. വിഷയത്തില്‍ തനിക്ക് ധാരണയില്ലെന്നും വിവരങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും പറഞ്ഞ കെ സുധാകരന്‍ അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്ന് കരുതി ഇപ്പോള്‍ കുരയ്ക്കണോ എന്നായിരുന്നു ചോദിച്ചത്.