മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിലെ ഫിറോസിന്റെ പാചക വീഡിയോകള്‍ കൗതുകമുണര്‍ത്തുന്നതും വ്യത്യസ്തവുമാകാറുണ്ട് പലപ്പോഴും. പാലക്കാടന്‍ ഗ്രാമാന്തരീക്ഷത്തിലെത്തുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. എന്നാല്‍ വിവാദങ്ങളും ഫിറോസിന്റെ വീഡിയോയ്ക്ക് പിന്നാലെ ഉടലെടുക്കാറുണ്ട്.
അത്തരം വിവാദ വീഡിയോകള്‍ പലപ്പോഴും ഫിറോസ് രാജ്യത്തിന് പുറത്തുപോയി ചിത്രീകരിക്കുന്നതാവും. നേരത്തെ മയിലിനെ പാചകം ചെയ്യുമെന്ന തരത്തില്‍ വിദേശത്ത് വച്ച് ഫിറോസ് പ്രമോ വീഡിയോ ഇറക്കിയിരുന്നെങ്കിലും ദേശീയ പക്ഷിയെ കൊല്ലുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഫിറോസ് ദേശീയ പക്ഷിയോട് ക്രൂരത കാട്ടാന്‍ തനിക്കാവില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ പോയി അവിടുത്തെ പ്രാദേശിക വിഭവങ്ങള്‍ പരീക്ഷിക്കാന്‍ തയ്യാറാകുന്ന ഫിറോസ് നേരത്തെ മുതല, മാന്‍, ഒട്ടകം എന്നിവയുടെ മാംസം ഉപയോഗിച്ച് പാചക പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ ഫിറോസ് വിയറ്റ്‌നാമില്‍ നടത്തിയ പാചക പരീക്ഷണമാണ് നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.
11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതോടകം ആറുലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വിയറ്റ്‌നാമില്‍ രണ്ട് ജീവനുള്ള പാമ്പുകളെയാണ് പാചക പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. വിയറ്റ്‌നാമിലെ പ്രാദേശിക വിഭവമാണ് വീഡിയോയില്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പാമ്പ് ആരാധന മൂര്‍ത്തിയാണ്.
ഇത് തന്നെയാണ് വീഡിയോ വിവാദമാകുന്നതിനും കാരണം. നല്ല വറുത്തരച്ച പാമ്പ് കറി എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പാചകം ചെയ്ത പാമ്പിനെ ഫിറോസ് വിളമ്പുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഫിറോസ് ഇത് കഴിക്കുന്നത് വീഡിയോയില്‍ കാണാനില്ല. നിരവധി ആളുകളാണ് യൂട്യൂബില്‍ ഫിറോസിന്റെ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.