'രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിയ്ക്ക്'; ഒആർ കേളു

സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഒആർ കേളു. രാഷ്ട്രപതി ദ്രൗ​പ​ദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും ഒആർ കേളു ചോദിച്ചു. ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ല. രാജ്യത്തെ ആരും ഇതൊന്നും മുഖവിലയ്ക്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞത്. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്‌ ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും രാധാകൃഷ്ണൻ ചോദിച്ചു. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനുവും രംഗത്തെത്തി. സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് അവർ പറഞ്ഞു. തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്ന് പറയുകയാണ്. ഇത്തരം ചർച്ചകൾ പോലും ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എങ്കിൽ മാത്രമേ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകു എന്നും അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞത്. ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്രവർഗങ്ങളുടെ കാര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പലതവണ ഈ ആഗ്രഹം താൻ പ്രധാനമന്ത്രിയോട് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

Read more