മുന്‍വിവാഹം മറച്ച് വച്ച് വീണ്ടും വിവാഹം കഴിച്ചു; ഭാര്യയുടെ സ്വത്ത് തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി; രണ്ടാം ഭാര്യയ്ക്ക് രണ്ടുകോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്

ഭര്‍ത്താവ് ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുകയും സമ്പത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ രണ്ടു കോടി രൂപ നഷ്ടം പരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോര്‍ജിന്റെ ഭാര്യ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പുറപ്പെടുവിച്ചത്. സ്ത്രീകളുടെ സംരക്ഷണ നിയമപ്രകാരമായിരുന്നു ഹര്‍ജി. മുന്‍ വിവാഹം മറച്ച് വച്ചാണ് ജോര്‍ജ് ഷീലയെ വിവാഹം കഴിച്ചതെന്നും പരാതിയില്‍ പറയുന്നു.

1995-ലാണ് ജോര്‍ജ് ഷീലയെ വിവാഹം ചെയ്തത്. നേരത്തേ വിവാഹിതനായിരുന്ന ജോര്‍ജ് ആ ബന്ധം വേര്‍പെടുത്താതെയും മറച്ചുവെച്ചുമാണ് ഷീലയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ആദ്യം വിയന്നയിലും പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിലും നഴ്സായി ജോലിചെയ്യുകയായിരുന്ന ജോര്‍ജ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന ഷീലയെ വിവാഹശേഷംഷീലയുമായി വിവാഹ ശേഷം വിയന്നയിലേയ്ക്ക് പോയി. അവിടെ നഴ്സായി ജോലിചെയ്തിരുന്ന തന്റെ മുഴുവന്‍ സമ്പാദ്യവും ജോര്‍ജ് കൈവശപ്പെടുത്തിയെന്ന് ഷീല നല്‍കിയ പരാതിയില്‍ പറയുന്നു. ജോര്‍ജിന്റെ സഹോദരങ്ങളും അമ്മയും ഇതിനു കൂട്ടുനിന്നെന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തെന്നും ഷീല കോടതിയില്‍ ബോധിപ്പിച്ചു.

സമ്പാദ്യമൊന്നുമില്ലാത്ത തന്നെയും മകളെയും 2003 ഓഗസ്റ്റില്‍ നാട്ടില്‍ കൊണ്ടുവന്നെന്നും പിന്നീട് വിസയും പാസ്പോര്‍ട്ടും അടക്കമുള്ള രേഖകളുമായി ജോര്‍ജ് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കടന്നുകളഞ്ഞുവെന്നും ഷീല പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജോര്‍ജിന്റെ ബന്ധുക്കള്‍ ഷീലയെയും മകളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. വരുമാനനഷ്ടം, നഷ്ടപരിഹാരം, പ്രതിമാസച്ചെലവ് എന്നീ ഇനങ്ങളിലായി പലിശസഹിതം ഷീലയ്ക്കും മകള്‍ക്കും രണ്ടുകോടി രൂപ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.