പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട. ജനങ്ങളെ സംരക്ഷിക്കാനാണ് പണിമുടക്ക്. പണിമുടക്കില്‍ ഇന്നലെ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കുമെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്‍.
കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെയും ആനത്തലവട്ടം ആഞ്ഞടിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സമരവിരോധികളാണ്. കടകള്‍ അടപ്പിക്കില്ല. എന്നാല്‍ കട തുറന്ന് വച്ചാലും സാധനങ്ങള്‍ വാങ്ങാന്‍ ആളുവേണ്ടേ എന്ന് ആനത്തലവട്ടം ചോദിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിത്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്കു പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി ട്രേഡ് യുണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ ആശക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഒന്നാം ദിനം പണിമുടക്കിനോട് പുര്‍ണമായ സഹകരിച്ച സംസ്ഥാനത്ത് ഹൈക്കോടതിയുടെ ഇടപെടലും, വ്യാപാരികളുടെ നിലപാടുമാണ് പണിമുടക്ക് അനുകൂലികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നത്.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തവേദി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിന്റെ ഒന്നാംനാള്‍ രാജ്യത്ത് 25 കോടി തൊഴിലാളികള്‍ പണിമുടക്കിയെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.