ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎൽഎ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും യു പ്രതിഭ കൂട്ടിച്ചേർത്തു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണമെന്നും പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും യു പ്രതിഭ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയേയും അങ്ങനെ ചെയ്യാൻ പാടില്ല എന്നും യു പ്രതിഭ കൂട്ടിച്ചേർത്തു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്.
കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടികൂടിയതെന്നും എഫ്‌ഐആറിൽ പറഞ്ഞിരുന്നു. എന്നാൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നുമായിരുന്നു എംഎൽഎ നൽകിയ മൊഴി.