സംസ്ഥാനത്തെ റോഡുകള്‍ മോശമാണെങ്കില്‍ ടോള്‍ കൊടുക്കേണ്ടെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍. അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ റോഡുകള്‍ അപകട രഹിതമാക്കുകയാണ് ലക്ഷ്യമെന്നും ടി ഇളങ്കോവന്‍ പറഞ്ഞു.
റോഡ് അപകടത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്തും. ബോധവത്ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെ കുഴികള്‍ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം റോഡിലെ കുഴികളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ തുടങ്ങിയതിന് പിന്നാലെ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. പരാതി ലഭിച്ച് നാലു ദിവസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ പിഡബ്‌ളുഡിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നവരെ ഇതിനായി ഉപയോഗിക്കാം. പരാതികളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് ഓരോ ദിവസവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുമരാമത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.