മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. പടയപ്പ അടക്കമുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്‌സികളും ആകര്‍ഷിക്കുന്നുണ്ട്.
സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. ഇത് ഇനി ആവര്‍ത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്‌സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം.
മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പുവരെ ആന കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആളുകള്‍ പെരുമാറി തുടങ്ങിയതോടെ കാര്യം മാറുകയായിരുന്നു.