രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സജി ചെറിയാന് പിന്തുണ അറിയിച്ചത്. മന്ത്രിയായി തുടരുന്നതില്‍ ധാര്‍മിക പ്രശ്‌നമില്ലെന്നും വിഷയത്തില്‍ സജി ചെറിയാന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.

കേസില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനും നിയമോപദേശം തേടാനും പാര്‍ട്ടി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായെന്നും സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് വരുന്നതിനു മുൻപേ അന്വേഷണ ഉദ്യോഗസ്ഥൻ ഫൈനൽ റിപ്പാർട്ട് സമർപ്പിച്ചു. സാക്ഷികളായ മാധ്യമ പ്രവർത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂർത്തീകരിച്ചതെന്നും കോടതി പറഞ്ഞു.

Read more

‘കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗ ഭാഗം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.