വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ടവോട്ടുകളുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. കേരളത്തിലെ വോട്ടർപട്ടിക അബദ്ധ പഞ്ചാംഗമായി മാറിയെന്നും ചെന്നിത്തല ആക്ഷേപം ഉന്നയിച്ചു. ഒരു വോട്ടർക്ക് തന്നെ പല മണ്ഡലങ്ങളിലും തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 3.25 ലക്ഷം ഇരട്ട വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച പോർക്കളം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ടു ചെയ്യാതിരിക്കേണ്ടത് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണ്. കോൺഗ്രസുകാരാണ് വ്യാജവോട്ട് ചേർത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് പറഞ്ഞ ചെന്നിത്തല ആര് ചെയ്താലും നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
പയ്യന്നൂർ മണ്ഡലത്തിൽ വോട്ടുള്ള 127 പേർക്കും കല്യാശേരി മണ്ഡലത്തിൽ വോട്ടുളള 91 പേർക്കും തളിപ്പറമ്പിലെ 242 പേർക്കും ഇരിക്കൂർ മണ്ഡലത്തില്‍ വോട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലത്തിലും കണ്ടെത്താൻ കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു.
Read more
ഒരു മണ്ഡലത്തിലും വ്യാജ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കരുത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ജനവിധി അട്ടിമറിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.