ഇരട്ടവോട്ട്; രമേശ് ചെന്നിത്തലയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ 

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നും, ഈ വോട്ടുകൾ മരവിപ്പിച്ച് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇരട്ടവോട്ടിനെതിരെ അഞ്ച് വട്ടം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർന്നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. വ്യാജവോട്ട് ചേര്‍ക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് സ്ക്രൂട്ടിണി കമ്മിറ്റി സോഫ്റ്റ് വെയർ വഴി പരിശോധിച്ച് കണ്ടെത്തിയിട്ടുള്ളത്.

Read more

ഒരേ ഫോട്ടോയും, വിലാസവുമാണ് വ്യത്യസ്ത പേരുകളുള്ള എൻട്രികളിലുള്ളത്. ഇരട്ടവോട്ടുകളുടെ പട്ടിക വരണാധികാരികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും നൽകുമെന്നും, വെബ് കാസ്റ്റിംഗ് ശക്തമാക്കി തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പട്ടിക തിരുത്തൽ എളുപ്പമല്ല. ഈ ഘട്ടത്തിൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന ആവശ്യത്തിലുള്ള ഹൈക്കോടതി ഉത്തരവ് നിർണായകമാണ്.