കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗി ഡോക്ടറോട് അതിക്രമം കാട്ടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മർദ്ദനമേറ്റ ഡോക്ടർ ഇര്‍ഫാന്‍ ഖാന്‍. പ്രതി തന്നെ ഏറെ നേരം ഭീഷണിപ്പെടുത്തിയെന്നും അക്രമിക്കാൻ എത്തിയപ്പോൾ ചുറ്റുമുള്ളവർ ഇടപെട്ടതുകൊണ്ടാണ് രക്ഷപെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ മദ്യപിച്ചിട്ടുണ്ടെന്നും , മദ്യം മാത്രമല്ല വെറെ പലതും ഉപയോഗിക്കുന്നുണ്ടെന്നും ഡോയൽ പറഞ്ഞു. പ്രാഥമിക പരിശോധനയും ഡ്രസിങ്ങും എല്ലാം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഡോയലിന്റെ സ്വഭാവം മാറിത്തുടങ്ങി. മറ്റ് രോഗികളെ ചികിത്സിക്കുന്ന സമയത്ത് അയാൾ അനാവശ്യമായി കമന്റുകൾ പറയാൻ തുടങ്ങി. ആശുപത്രിയുണ്ടായിരുന്ന സ്ത്രീ ജീവനക്കാരോടും ഹൌസ് സർജൻമാരോടും മോശമായി സംസാരിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ ഓരോന്ന് പറഞ്ഞ് തുടങ്ങി. ഞാൻ അവിടെ നിന്ന് അപ്പോൾ മാറി നിന്നു. നിന്റെ മുഖം എനിക്കോർമ്മയുണ്ട്. നിന്നെ കൊന്നു കളയും. നീ വെറും ഡോക്ടറാ,നിന്നെ കൊന്നുകളയും ഇതാണ് ഞാൻ ഏറ്റവും കൂടുതൽ കേട്ടത്. പിന്നീട് അവിടെയുണ്ടായിരുന്ന മറ്റു രോഗികളും കൂട്ടിരിപ്പുകാരും എത്തി അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.അപ്പോഴാണ് അയാൾ മുഖത്തടിച്ചതെന്നും ഇര്‍ഫാന്‍ പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതി ഡോയലിനതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയതായിരുന്നു വട്ടേകുന്ന് സ്വദേശിയായ ഡോയല്‍. ചികിത്സക്കിടെയാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്.