ചരിത്രപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ (92)അന്തരിച്ചു. . കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ഇന്ന് രാവിലെ 9.30 നാണ് അന്ത്യം.  ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.

മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എംജിഎസ് ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ആദ്യം അധ്യാപകനായി. 1973ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടി.

ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1976 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വിവിധ ചുമതലകള്‍ വഹിച്ചു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.

Read more

ഭാര്യ പ്രേമലതക്കൊപ്പം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ മൈത്രിയിലായിരുന്നു താമസം. വിജയ് കുമാര്‍ (റിട്ട. എയര്‍ഫോഴ്‌സ്), വിനയ മനോജ് (നര്‍ത്തകി) എന്നിവരാണ് മക്കള്‍.