തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഷഹനയുടെ സുഹൃത്തായിരുന്നു റുവൈസിന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇയാൾ ഒളിവിൽ പോയിരുന്നു.
ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം റുവൈസിനെതിരെ കേസ് എടുത്തത്.
ഡോ റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കൽ പിജി വിദ്യാര്‍ത്ഥിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊല്ലം ശക്തികുളങ്ങര സ്വദേശിയായ റുവൈസ് മെഡിക്കൽ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ഷഹനയുടെ മരണം വിവാദമായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പിന്നാലെ തങ്ങൾ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി.
റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹന. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന ഷഹനയുടെ കുടുംബം. എന്നാൽ പിതാവിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഈ സമയത്താണ് വിവാഹം മുടങ്ങിയത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാവുന്നതിലും ഉയര്‍ന്ന തുകയാണ് റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ റുവൈസും വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് ഷഹനയുടെ കുടുംബം ആരോപിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. താമസിച്ചിരുന്ന ഫ്ലാറ്റിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് ഷഹന പറഞ്ഞിട്ടില്ല. സംഭവത്തിൽ ഡോ റുവൈസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന മെറിറ്റ് സീറ്റിലാണ് എംബിബിഎസ് പ്രവേശനം നേടിയത്.