ഡോ ശ്രീറാം വെങ്കിട്ടരാമനും, ഡോ. രേണുരാജും വിവാഹിതരായി

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

എംബിബിഎസ് ബിരുദം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും, രേണുരാജും സിവില്‍ സര്‍വീസിലേക്ക് എത്തിയത്. 2012ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ നേരത്തെ ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിനായി സ്വീകരിച്ച നടപടികള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ഇതേ പദവിയില്‍ എത്തിയ രേണുരാജും കൈയ്യേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നിലപാടുകളാണ് എടുത്തത്. ഇതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

2014ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പാസായ രേണുരാജ് തൃശൂര്‍, ദേവികുളം എന്നിവിടങ്ങളിലും കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more

2019ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവം ഏറെ വിവാദമായി മാറുകയും വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020 മാര്‍ച്ചിലാണ് തിരിച്ചെടുത്തത്. പിന്നീട് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായും നിയമിക്കുകയായിരുന്നു.