ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ സിവില്‍ സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുഡിഎഫ് സിറ്റിംഗ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സിവില്‍ സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തനിക്ക് ആദ്യം ടോക്കണ്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഉണ്ണിത്താന്റെ കുത്തിയിരിപ്പ് പ്രതിഷേധം.
രാവിലെ 9 മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ പരിഗണിക്കാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃ്ണന് ആദ്യ ടോക്കണ്‍ നല്‍കാന്‍ ശ്രമിച്ചെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. അതേ സമയം രാവിലെ 7 മുതല്‍ താന്‍ കളക്ടറേറ്റിലുണ്ടെന്ന് എംവി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം അറിയിച്ചു.
ആദ്യം എത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ നല്‍കുമെന്നായിരുന്നു കളക്ടറുടെ ഓഫീസ് അറിയിച്ചിരുന്നത്. ഇത് പ്രകാരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 9ന് തന്നെ ഓഫീസിലെത്തി. എന്നാല്‍ 7 മണി മുതല്‍ തന്നെ അസീസ് കളക്ടറുടെ ഓഫീസില്‍ ഉണ്ടായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തുമ്പോള്‍ അസീസ് ബഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും എല്‍ഡിഎഫ് പറയുന്നു.
Read more
എന്നാല്‍ എല്‍ഡിഎഫിന്റെ വാദം മുഖവിലയ്‌ക്കെടുക്കാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കള്ക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. അഭ്യാസമിറക്കണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കില്‍ കളക്ടര്‍ വേണ്ടല്ലോയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.