'ഷെയർ ഇട്ട് വാങ്ങിയ മദ്യം ഒഴിച്ചപ്പോൾ അളവിൽ കുറവ്, തർക്കത്തിനിടയിൽ പിടിച്ചു തള്ളി'; ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

തൃശ്ശൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മദ്യത്തിന്റെ ബില്ലാണ് കേസിന് തുമ്പായത്. ഷെയർ ഇട്ട് വാങ്ങിയ മദ്യം ഒഴിച്ചപ്പോൾ അളവിൽ കുറവ് ഉണ്ടായതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൃശൂർ കണ്ണംകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കഴിഞ്ഞ എട്ടിനാണ് പുരുഷൻ്റെ മൃതദേഹം കിട്ടിയത്.

കണ്ണൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നും നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. അവിടെ നിന്നും കിട്ടിയ ഫോണിൽ നിന്ന് ബന്ധുക്കളെ ബന്ധപ്പെട്ടപ്പോൾ ചേർപ്പ് വല്ലച്ചിറ സ്വദേശി സന്തോഷാണ് മരിച്ചതെന്ന് വ്യക്തമായി. ചെമ്പൂക്കാവിലെ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാൾ. ആത്മഹത്യ ചെയ്യാൻ പറ്റിയ കാരണങ്ങൾ ഇല്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് അന്വേഷണസംഘം സംഭവസ്ഥലത്ത് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയും എ.സി.പി സലീഷ് എൻ ശങ്കരനും ഈസ്റ്റ് ഇൻസ്പെക്ടർ ജിജോയും പങ്കെടുത്ത യോഗത്തിൽ കിണറും പരിസരവും അരിച്ചു പെറുക്കാൻ തീരുമാനിച്ചു. അവിടെ നിന്ന് മദ്യം വാങ്ങിയ ഒരു ബില്ല് കിട്ടി. അതിന് പിന്നാലെ പോയ പോലീസ് മദ്യശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സന്തോഷിന് ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞു. തുടർന്നാണ് നടത്തിയ ചോദ്യം ചെയ്യലിൽ സംഭവം കൊലപാതകമാണെന്ന് അറിയുകയായിരുന്നു.

മദ്യം പങ്കുവെക്കുന്നതിൽ സന്തോഷും വിനയ് എന്ന ആളും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ വിനയ്, സന്തോഷിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേർ രണ്ടാമതും മദ്യം വാങ്ങാൻ പോയപ്പോഴായിരുന്നു കൊലപാതകം. കഞ്ചാവ് കേസിലെ പ്രതിയായ വിനയ് വിവാഹ സദ്യക്കും മറ്റും വിളമ്പാൻ പോകുന്ന ജോലി ചെയ്യുന്ന ആളാണ്. അതേസമയം പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Read more