ചങ്ങനാശേരിയിലെ 'ദൃശ്യം മോഡല്‍' കൊലപാതകം; പ്രതി അറസ്റ്റില്‍

ചങ്ങനാശേരിയില്‍ ബിജെപി പ്രര്‍ത്തകന്‍ ബിന്ദുകുമാറിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ കേസില്‍ പ്രതി മുത്തുകുമാര്‍ അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.

ശനിയാഴ്ച രാവിലെയാണ് ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍നിന്ന് ബിന്ദുകുമാറിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബിന്ദുകുമാറിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിടുകയും പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയുമായിരുന്നു.

ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായിരുന്നു.