ഡ്രൈവിംഗ് എല്ലാവർക്കും താൽപര്യമായിരിക്കും എന്നാൽ ലൈസൻസ് എടുക്കുക എന്നത് അൽപം ബുദ്ധിമുട്ടുള്ള പണിയാണ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ലൈസൻസ് കിട്ടിയില്ലെന്നുമിരിക്കും. ഇപ്പോഴിതാ ടെസ്റ്റ് പാസാവാൻ തന്റെ ശിഷ്യർക്ക് ആശാൻ കുറുക്കുവഴിയിൽ ചെയ്ത ഒരു സഹായമാണ് കയ്യോടെ പിടിച്ചിരിക്കുന്നത്.
എറണാകുളം ആലുവയിലാണ് സംഭവം. ഉദ്യോഗാർത്ഥികള്‍ കാറിൽ എച്ച് എടുക്കുമ്പോള്‍ കാറില്‍ രഹസ്യമായി സൂക്ഷിച്ച സൌണ്ട് ബോക്സിലൂടെ നിർദേശങ്ങൾ നൽകുന്നതായിരുന്നു കുറുക്കുവഴി, കാര്യം കണ്ടെത്തിയതോടെ ഡ്രൈംവിംഗ് സ്കൂളിനെതിരെ നടപടിയെടുത്തിട്ടുണ്ട്.
ശിഷ്യർ കാറിൽ ടെസ്റ്റിന് ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആശാന്‍ പുറത്ത് നിന്ന് നിർദ്ദേശങ്ങൾ നൽകും. സൌണ്ട് ബോക്സിലൂടെ നിർദേശങ്ങൾ കേൾക്കാനാകും.കമ്പികളിൽ തട്ടാതെ തിരിക്കാനും വളയ്ക്കാനും ആശാന്‍ പറയും.അതനിസരിച്ചാൽ കൂളായി എച്ച് എടുക്കാനും പറ്റും.ആശാന്റെ വാക്ക് അനുസരിച്ച ശിഷ്യൻമാരെല്ലാം പെട്ടെന്ന് പാസായതിന്റെ രഹസ്യം പുറത്തറിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു.
യുഡിഎൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസന്‍സാണ് സംഭവത്തെ തുടർന്ന് റദ്ദാക്കിയത് ആലുവ ജോയിന്റ് ആർടിഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈംവിഗ് സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കിയത്. മൂന്ന് മാസത്തേക്കാണ് റദ്ദാക്കൽ. ജനുവരി മാസം മുതലാണ് ലൈസന്‍സ് സസ്പെന്‍ഷന്‍ പ്രാബല്യത്തിലാവുക.