സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി സംയുക്ത സമര സമിതി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്ന് മന്ത്രിയും അറിയിച്ചു.
അതേസമയം സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ഗണേഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലധികമായി സംസ്ഥാനത്ത് തുടരുന്ന സമരങ്ങള്‍ക്ക് ഇതോടെ അവസാനമായി. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടുവശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം.
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ ക്യാമറ ആവശ്യമാണെന്ന നിബന്ധന അംഗീകരിച്ചെന്നും കെബി ഗണേഷ് കുമാര്‍ അറിയിച്ചു. ഡ്രൈവിംഗ് സ്‌കൂള്‍ ഫീസ് നിര്‍ണയിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ആദ്യം റോഡ് ടെസ്റ്റ് എന്ന രീതി മാറ്റിയിട്ടുണ്ട്. ആദ്യം എച്ച് ടെസ്റ്റും പിന്നീട് റോഡ് ടെസ്റ്റും നടത്താന്‍ തീരുമാനമായി.