'കാസ'യ്ക്ക് സ്വാധീനമുള്ളത് ബിജെപി ആസ്ഥാനത്തും വലിയവന്മാരുടെ അന്ത:പുരത്തിലും; മനുഷ്യകുലത്തിനായി ഒരൊറ്റ വാക്കുപോലും കാസകുഞ്ഞുങ്ങള്‍ മിണ്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ്

ക്രിസ്ത്യന്‍ ഗ്രൂപ്പായ ‘കാസ’ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ജിന്റോ ജോണ്‍. നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും. സ്വാധീനകേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ആരെയാണ് വിരട്ടുന്നത്. ഇവര്‍ക്ക് ആകെ സ്വാധീനമുള്ളത് ബിജെപി ആസ്ഥാനത്തും വലിയവന്മാരുടെ അന്ത:പുരത്തിലും മാത്രമാണെന്ന് അദേഹം വ്യക്തമാക്കി.

കുരിശില്‍ ബലിയര്‍പ്പിക്കപ്പെട്ട കര്‍ത്താവിന്റെ രക്തം പോലും കച്ചവടത്തിന് മറയാക്കുന്നവരെ ജെറുസലേം ദേവാലയത്തില്‍ ചെയ്തപോലെ ചാട്ടവാറിനടിക്കാന്‍ ഓങ്ങി നില്‍ക്കുകയാണ് നീതിമാന്‍. ഈ സംഘടനയുടെ ഉത്ഭവം മുതല്‍ കേരള സമൂഹത്തില്‍ ഇവരുണ്ടാക്കിയ ഇടപെടളുകള്‍ പരിശോധിച്ചാല്‍ വര്‍ഗ്ഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു ലക്ഷ്യവും കാണില്ല. മനുഷ്യകുലത്തിന് നന്മ ഹേതുവായ ഒരൊറ്റ വാക്കുപോലും കാസകുഞ്ഞുങ്ങള്‍ മിണ്ടിയിട്ടില്ല. ക്രൈസ്തവ നന്മകളുടെ ആഗോള കാഴ്ച്ചപ്പാടുകളെ കേവല കച്ചവടത്തിനായി കേരളത്തില്‍ മാത്രമൊതുക്കി ആര്‍എസ് എസ്സിനെ പ്രീതിപ്പെടുത്തി നില്‍ക്കുന്നതല്ലാതെ സത്യം കൊണ്ട് സ്വാതന്ത്രമാകാന്‍ ശേഷിയുള്ള ഒരാളും അതിലില്ല.

കേരളത്തിന് പുറത്ത് സംഘപരിവാര്‍ വേട്ട നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളെ, മനുഷ്യരെ ഇവര്‍ കാണില്ല. ഫാ. സ്റ്റാന്‍ സ്വാമിയും, ഗ്രഹാം സ്റ്റെയിസും മക്കളും, കാണ്ഡമാലിലെ ക്രൈസ്തവരും, മണിപ്പൂരിലെ മനുഷ്യരും, എന്തിനേറെ മംഗലാപുരത്തിനപ്പുറം സംഘികളുടെ നരവേട്ട നേരിടുന്ന ക്രിസ്തു ശിഷ്യരെ ഇവര്‍ കണ്ടഭാവമില്ല. ആക്രമിക്കപ്പെട്ട അള്‍ത്താരകളും പള്ളികളും ആശുപത്രികളും പള്ളിക്കൂടങ്ങളും ഇവര്‍ക്കൊരു വിഷയമേയല്ല. ജന്തര്‍മന്ദിറില്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മകളും കോടതി വ്യവഹാരങ്ങളും സത്യദീപവും ദീപികയും വചനോത്സവവും നടത്തിയ പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥനകളും മെഴുകുതിരി പ്രദക്ഷിണങ്ങളും കാസക്ക് ഓര്‍മ്മയില്ല…

കാരണം ഇവരെന്നും മാരാര്‍ജി ഭവന്റെ അടുക്കളത്തിണ്ണയില്‍ എച്ചില് പെറുക്കലായിരുന്നു. ക്രിസ്തുവിനെയും ക്രൈസ്തവരേയും സംഘികള്‍ക്ക് ഒറ്റുകൊടുക്കുന്ന തിരക്കില്‍ ഇവര്‍ മറന്നത് ഓര്‍മ്മിപ്പിക്കാന്‍ നന്മയുള്ള ക്രിസ്ത്യാനികള്‍ക്ക് ഒരവസരമാണ് കാസയുടെ വെളിച്ചത്ത് വരല്‍. ഐഡന്റിറ്റി വെളിപ്പെടുത്താതെ സോഷ്യല്‍ മീഡിയ മയുടെ മറവില്‍ ഒളിച്ചിരുന്ന് സംഘികള്‍ക്ക് പാദസേവ ചെയ്യുന്നവരെ നാട്ടുകാര്‍ക്ക് നേരിട്ട് കാണാമല്ലോ.

കേരളത്തില്‍ ക്രിസ്തുമസ് കരോള്‍ വിലക്കിയപ്പോളും, പുല്‍ക്കൂട് തകര്‍ത്തപ്പോളും അരമന വളപ്പിലെ കപ്പക്കുഴിയില്‍ കാട്ടുകല്ല് കണ്ട് പൂജ ആരംഭിച്ചപ്പോളുമൊക്കെ കാസക്കുടിയാന്മാര്‍ സംഘിമുതലാളിമാരെ ‘കേരളത്തിലെ സവിശേഷ സാഹചര്യ’ ഇടപാടുകള്‍ ഓര്‍മ്മിപ്പിക്കുന്ന വിഷമത്തില്‍ ആയിരുന്നു. ഇവനൊന്നും കേരളത്തിലെ ക്രൈസ്തവ സഭകളുമായി ഒരുതരത്തിലും ബന്ധമുള്ള സംഘടനകള്‍ അല്ലെന്ന് പാമ്പ്‌ലാനി പിതാവടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടയന്റെ വേഷമിട്ടു വരുന്ന കള്ളന്മാരേയും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെയും തിരിച്ചറിയാനുള്ള പാഠം കൂടി ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്,

Read more

പാമ്പുകളെപ്പോലെ വിവേകികള്‍ ആയിരിക്കാന്‍. വള്ളിനാണയങ്ങള്‍ക്ക് മനുഷ്യപുത്രനെ ഒറ്റുകൊടുത്ത യൂദാസിനെക്കാള്‍ സുവിശേഷം പ്രഘോഷിച്ച് സത്പ്രവര്‍ത്തികള്‍ ചെയ്ത പത്രോസും കൂട്ടരുമല്ലേ യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍. അത്രേയുള്ളൂ കാസയെന്ന കള്ളനാണയവും സമാധാനവും സ്‌നേഹവും സാഹോദര്യവും ആഗ്രഹിക്കുന്ന വെളിവ് കിട്ടിയ ക്രസ്തവരും തമ്മിലുള്ള വ്യത്യാസം. സത്യവിശ്വാസത്തോടെ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്കറിയാം ‘സത്യം നിങ്ങളെ സ്വാതന്ത്രമാക്കും’ എന്ന കര്‍ത്താവിന്റെ വാക്കിനര്‍ത്ഥമെന്ന് ജിന്റേ സാമൂഹമാധ്യത്തില്‍ കുറിച്ചു.