ജനനേന്ദ്രിയത്തിലൂടെ ലഹരി കടത്തൽ; കൊല്ലത്ത് പിടിയിലായ അനിലയ്ക്ക് അന്തർ സംസ്ഥാന മാഫിയുമായി ബന്ധം, പൊലീസിന്റെ നോട്ടപ്പുള്ളി

കൊല്ലത്ത് നിന്ന് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ യുവതിക്ക് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമെന്ന് പൊലീസ്. കണ്ണൂരിൽ പിടിയിലായ ലഹരി കടത്തുകാരൻ അനിലയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. അനില കൊല്ലത്തേക്ക് ലഹരിയെത്തിച്ചത് ഇത് ആദ്യമായല്ലെന്നും, ഇതിന് മുൻപ് നിരവധി തവണ ലഹരിയെത്തിച്ചെന്നും പൊലീസ് കണ്ടെത്തി.

കൊല്ലം ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായി പിടിയിലായ അനില രവീന്ദ്രന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അനിലയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് 46 ഗ്രാം എംഡിഎംഎയുമായി അനിലയയെ പൊലീസ് പിടികൂടുന്നത്.

പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. യുവതി ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ചതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2021ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു. പൊലീസിന്റെ നോട്ടപ്പുള്ളിയാണ് അനില.