കൊച്ചിയില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരി ഇടപാട് കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശും സംഘവും വിദേശത്ത് നിന്ന് മയക്ക് മരുന്ന് എത്തിച്ച് ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നവരാണെന്ന് പൊലീസ്. ഓം പ്രാകശിനും സംഘാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ലഹരിക്കടത്തിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
അതേസമയം കോടതിയില്‍ ഹാജരാക്കിയ ഓം പ്രകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മരടിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പൊലീസ് പിടികൂടുമ്പോള്‍ ഇവരില്‍ നിന്നും കൊക്കെയ്‌നും എട്ട് ലിറ്ററോളം മദ്യവും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഓം പ്രകാശ് പിന്നീട് സംസ്ഥാനത്താകെ കുറ്റകൃത്യങ്ങളുമായി കുപ്രസിദ്ധി നേടുകയായിരുന്നു.
ഏറെ കാലമായി തിരുവനന്തപുരത്ത് ഓം പ്രകാശിന്റെ പേര് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പാറ്റൂരില്‍ ഓം പ്രകാശിന്റെ സംഘം ഭൂമി ഇടപാടിനെ ചൊല്ലി മറ്റൊരു സംഘത്തെ ആക്രമിച്ചതിന് പിന്നാലെയാണ് ഓം പ്രകാശ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍എച്ച് ബൈപ്പാസില്‍ ഓം പ്രകാശ് യാത്ര ചെയ്ത വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് എന്‍എച്ചില്‍ തര്‍ക്കം നടക്കുന്നുവെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിനുള്ളില്‍ ഓം പ്രകാശിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഓം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നില്ല. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു അന്ന് മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഓം പ്രകാശ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയ സിനിമ താരങ്ങളുടെ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ഇരുവരും ഓം പ്രകാശിന്റെ റൂം സന്ദര്‍ശിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഫ്‌ഐ ആറില്‍ പേരുളള നടന്‍ ശ്രീനാഥ് ഭാസി കൊച്ചിയിലുണ്ടെങ്കിലും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പ്രയാഗ മാര്‍ട്ടിന്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നാണ് വിവരം.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഡിജെ അലന്‍ വാക്കറിന്റെ ഷോ ഉണ്ടായിരുന്നു. ഡിജെ പാര്‍ട്ടിയിലേക്ക് ഓം പ്രകാശും സംഘവും ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഓം പ്രകാശിന്റെ മുറിയില്‍ നിന്നും കൊക്കെയിന്‍ ഉപയോഗിച്ചുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഹരി ഉപയോഗിച്ചത് ഓംപ്രകാശാണെന്ന് തെളിഞ്ഞിട്ടില്ല. ഇത് പരിഗണിച്ച് ഇന്ന് കോടതി ഓം പ്രകാശിന് ജാമ്യം നല്‍കിയത്.