ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. ഹൃദ്രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകളാണ് ഉപകരണങ്ങളുടെ വിതരണം മുടങ്ങിയതോടെ നിലച്ചതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിതരണക്കാര്‍ക്ക് കോടികള്‍ കുടിശ്ശിക വരുത്തിയതോടെ സ്റ്റന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നത് നിലച്ചിട്ടുണ്ട്. പ്രതിമാസം 40 മുതല്‍ 50 വരെ ശസ്ത്രക്രിയകള്‍ നടന്നിരുന്ന ആശുപത്രിയാണ് ശസ്ത്രക്രിയകളുടെ കാര്യത്തില്‍ നിശ്ചലമായിരിക്കുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്ന് മൂന്ന് കോടി 21 ലക്ഷം രൂപയാണ് സ്റ്റന്റ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.
കുടിശ്ശിക വര്‍ദ്ധിച്ചതോടെ ഏപ്രില്‍ ഒന്ന് മുതലാണ് ആശുപത്രിയിലേക്കുള്ള സ്റ്റന്റ് വിതരണം നിലച്ചത്. ആശുപത്രിയില്‍ നിലവില്‍ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ലാബില്‍ അവസാനമായി ആന്‍ജിയോ പ്ലാസ്റ്റി നടന്നതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.