യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാതിപരാമര്‍ശം നടത്തിയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തക ധന്യ രാമനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ വീട്ടില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ നൊസ്റ്റാള്‍ജിയയോടെ നോക്കിക്കാണുന്ന കൃഷ്ണകുമാറിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീട്ടില്‍ ജോലിക്കായി എത്തിയ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കുഴികുത്തി അതില്‍ കഞ്ഞി ഒഴിച്ചതിനെ കുറിച്ചാണ് കൃഷ്ണകുമാര്‍ വീഡിയോയില്‍ വിശദീകരിച്ചത്.
പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ;
ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ മുന്‍പാകെ ധന്യ രാമന്‍ ബോധിപ്പിക്കുന്ന പരാതി.
വിഷയം: ബിജെപി നേതാവും മുന്‍ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആയിരുന്ന കൃഷ്ണകുമാര്‍, ഇന്ത്യന്‍ ഭരണഘടന പ്രകാരവും രാജ്യത്ത് നിലവിലിരിക്കുന്ന നിയമ പ്രകാരവും നിരോധിച്ചതും കുറ്റകരമാക്കിയതുമായ തൊട്ടുകൂടായ്മയും ജാതീയപരമായ വിലക്കും മനുഷ്യാവകാശങ്ങളെ ലംഘിച്ചും നടത്തിയ കുറ്റകൃത്യങ്ങളെ പറ്റി സമൂഹ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ കുറിച്ച് കേസ് എടുക്കുന്നത് സംബന്ധിച്ച്.
സര്‍,
സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയില്‍ കൃഷ്ണ കുമാറിന്റെ മാതാവ് തറയില്‍ കുഴി കുഴിച്ചു ആള്‍ക്കാര്‍ക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നു. ആയത് ഇവിടുത്തെ പിന്നോക്ക വിഭാഗക്കാരെയും ഭരണഘടന നിലവില്‍ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് ഈ രാജ്യത്ത് നിലവില്‍ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണ്. നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ മേപ്പടി പ്രവൃത്തി ശിക്ഷാര്‍ഹവുമാണ്.
Read more
ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പിന്നോക്ക വിഭാഗക്കാരിയായ എനിക്ക് ഈ വെളിപ്പെടുത്തലില്‍ അതീവ ദുഃഖവും ഞെട്ടലും ആയതില്‍ മാനസിക വേദന ഉണ്ടായിട്ടുള്ളതും ടിയാനും ടിയാന്റെ ബന്ധുക്കളും നടത്തിയ മേപ്പടി കുറ്റകൃത്യത്തില്‍ എനിക്ക് പരാതി ഉണ്ട്. ഈ സംഭവത്തിന് കാരണകാരായ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ പരാതി അങ്ങയുടെ മുന്‍പില്‍ ബോധിപ്പിക്കുന്നു.
എന്ന് ധന്യ രാമന്‍