ആലപ്പുഴയിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയായ യുവാവിനെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ രോഗിയെ ആണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആംബുലൻസിന് കാത്തു നിൽക്കാതെ പി പി ഇ കിറ്റ് ധരിച്ച് സന്നദ്ധപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയത്. പുറക്കാട് സ്വദേശി സാബുവിന്റെ ജീവനാണ് സമയോചിതമായ ഇടപെടലിലൂടെ ഡി വൈ എഫ് ഐ പ്രവർത്തകരായ രേഖയും അശ്വിനും രക്ഷിച്ചത്.
ആലപ്പുഴ പുന്നപ്രയിലെ കോവിഡ് നിരീക്ഷണകേന്ദ്രമായ എന്‍ജിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിൽ കോവിഡ് ബാധിതനായി കഴിയുകയായിരുന്ന പുറക്കാട് സ്വദേശി സാബു എന്ന മുപ്പത്തിയാറുകാരന് രാവിലെ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു.
ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും പത്ത് മിനിറ്റിലേറെ വൈകുമെന്നതിനാൽ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരായ രേഖയും അശ്വിനും സാബുവിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകുകയായിരുന്നു. പി പി ഐ കിറ്റ് ധരിച്ച് ബൈക്കിൽ സാബുവിനെ നടുക്കിരുത്തി തൊട്ടടുത്ത കോമ്പൗണ്ടിലെ പുന്നപ്ര സാഗരാ സഹകരണ മെഡിക്കൽ കോളജിലെത്തിച്ചു.
പരമാവധി വേഗത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അശ്വിനും രേഖയും മാധ്യമങ്ങളോട് പറഞ്ഞു. സഹകരണ ആശുപത്രിയിൽ നിന്നും നില മെച്ചപ്പെട്ട സാബുവിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അശ്വിനും രേഖയും മടങ്ങിയത്.