'മതസ്വാതന്ത്ര്യത്തിന് എതിര്, പൗരത്വം ലഭിക്കാന്‍ മുസ്ലിങ്ങള്‍ മതം മാറേണ്ടിവരും'; സിഎഎക്കെതിരെ സുപ്രീംകോടതിയിൽ ഡിവൈഎഫ്ഐ

പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചു. അന്തസ്സോടെ ജീവിക്കാന്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമാണ് പൗരത്വഭേദഗതി നിയമമെന്നും ഡിവൈഎഫ്ഐ ചൂണ്ടികാണിക്കുന്നു.

ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. നിയമം നടപ്പാക്കിയാല്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അനധികൃതമായി എത്തിയ മുസ്ലിം ഇതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അനധികൃതമായി എത്തിയ മുസ്ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കില്ല. മതത്തിന്റെ പേരിലുള്ള ഈ വേര്‍തിരിവ് ഭരണഘടനയുടെ 14-ാം അനുചേദത്തിന്റെ ലംഘനമാണെന്നും ഡിവൈഎഫ്ഐ എഴുതി നല്‍കിയ വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഭിഭാഷകരായ കെആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവരാണ് വാദം സുപ്രീം കോടതിയില്‍ എഴുതിനല്‍കിയത്. അതേസമയം പൗരത്വ നിയമഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Read more

ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. സിപിഎം, സിപിഐ, മുസ്ലീം ലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹർജിക്കാർ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടുന്നത്.