ബി.ജെ.പി പ്രവർത്തകർ പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളില്‍ ജയ്‌ശ്രീറാം ബാനർ കെട്ടിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭാ കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തിനെതിരെ പൊലീസില്‍ പരാതി നൽകി യുവമോര്‍ച്ച. ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു പിന്നാലെ കെട്ടിടത്തില്‍ ദേശീയ പതാക കുത്തനെ തൂക്കിയെന്നാരോപിച്ചാണ് പരാതി. ഡി.വൈ.എഫ്.ഐ ദേശീയ പതാകയെ അപമാനിച്ചെന്നും ദുരുപയോഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
ഇന്ന് ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാലക്കാട് നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഇത് കേരളമാണ്, മതേതര കേരളം, ഗുജറാത്തല്ല, ഗുജറാത്ത് ആക്കാൻ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രകടനത്തിനെത്തിയ പ്രവര്‍ത്തകര്‍ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും വീശുകയും ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ പരാതിയിര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. “ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യം കിട്ടാവുന്ന വകുപ്പു ചേർത്താണ് കേസെടുത്തത്. ബി.ജെ.പി കൗൺസിലർമാരും പോളിംഗ് ഏജൻറുമാരും പ്രതികളാകും.