വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മത നിന്ദയാണെന്ന് ആരോപിച്ച് സമസ്ത രംഗത്ത്.’റീബില്‍ഡ് വയനാട്’ കാമ്പയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് ഡിവൈഎഫ്‌ഐ പന്നിയിറച്ചി വില്‍പന നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ‘പോര്‍ക്ക് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നുണ്ട്. ഇതിനെതിരെയാണ് സമസ്ത നേതാവായ നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയിരിക്കുന്നത്.
പന്നിയിറച്ചി വില്‍പ്പനയിലൂടെ മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസമാണ് നടപ്പാകുന്നത് വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് ഡിവൈഎഫ്‌ഐ കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്.
അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ ന്യായം ” അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ലന്നും നാസര്‍ ഫൈസി പറഞ്ഞു.
Read more
കോതമംഗംലം മുനിസിപ്പല്‍ നോര്‍ത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെയാണ് പന്നി ഇറച്ചി വില്‍പന. ‘ഇറച്ചി വാങ്ങൂ, പണം വയനാടിന്’ എന്ന ആശയവുമായി നടത്തുന്ന ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിലോക്ക് 375രൂപ നിരക്കില്‍ ഇതിനകം 500 കിലോയിലേറെ ഇറച്ചിക്ക് ഓര്‍ഡര്‍ ലഭിച്ചതായി മേഖല സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ ഇതുമായി സഹകരിക്കും. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.