വിവാദമായ പ്രതികരണത്തിന്‍റെ പേരില്‍ എം.സി ജോസഫൈൻ വനിത കമ്മീഷന്‍ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ. ക്ഷമാപണം നടത്തിയതോടെ വിഷയം അവസാനിച്ചുവെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ചർച്ച ചെയ്യപ്പെടേണ്ടത് സ്ത്രീധന പ്രശ്നമാണെന്നും എ.എ റഹീം കൂട്ടിച്ചേർത്തു.
ഇപ്പോൾ ശ്രദ്ധപുലർത്തേണ്ട വിഷയം ജോസഫൈനോ രാഷ്ട്രീയപരമോ ആയിരിക്കരുത്. സ്ത്രീധനത്തിനെതിരെ ആയിരിക്കണം. ഒടുവിലുണ്ടായ ദുരന്തവാർത്തകളുടെ അടിസ്ഥാനത്തിൽ സ്ത്രീധനത്തിന് എതിരായ അഭിപ്രായ രൂപീകരണം സംസ്ഥാനത്ത് ഉണ്ടായിത്തീർന്നിരിക്കുന്നു. അത് വളരെ പോസിറ്റീവായ തുടക്കമാണ്.
എന്നാൽ ഇപ്പോൾ വിഷയം ജോസഫൈനിലേക്ക് വഴിമാറി. വനിത കമ്മീഷന് പറ്റിയ പിശക് അവർ തിരുത്തി. കേരള പൊതുസമൂഹം അത് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. ഖേദപ്രകടനം നടത്തിയതിനാൽ ജോസഫൈൻ രാജിവെക്കേണ്ടതിനെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല. ഓരോരുത്തർക്കും പ്രശ്നങ്ങളോട് വ്യത്യസ്ത പ്രതികരണ രീതികളായിരിക്കും. അത് യഥാവിധം തിരുത്തപ്പെടുകയാണ് വേണ്ടതെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറി പറഞ്ഞു.
ടെലിവിഷൻ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച വനിതയോട് മോശമായി സംസാരിച്ച ജോസഫൈനെ ഇടത് യുവജന സംഘടനകൾ അടക്കം തളളിപറഞ്ഞപ്പോഴാണ് അവരെ പിന്തുണച്ച് ഡി വൈ എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്
ക്ഷമാപണം നടത്തിയതോടെ പ്രശ്നം അവസാനിച്ചതായി നേരത്തെ മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു.