രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങള്‍ ചോദിച്ച ഡിവൈഎഫ്‌ഐയെ അവഹേളിക്കാനാണ് വഷളന്‍ പ്രസ്താവനകള്‍ ഇറക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.
കേരളത്തിലെ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടക്കുന്ന ഹൃദയപൂര്‍വ്വം ഭക്ഷണ വിതരണ പരിപാടിയെ തീറ്റ മത്സരം എന്നാണ് സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് ആശ്വാസമാണ്.
കെ സുരേന്ദ്രന്റെ അവഹേളനം ഈ സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. രാജ്യത്ത് ബി ജെ പി ജനങ്ങളുടെ ഭക്ഷണം മുടക്കി ആഗോള പട്ടിണി സൂചികയില്‍ നൂറ്റിയേഴാം സ്ഥാനത്ത് എത്തിച്ചു. എന്നാല്‍ ഡി വൈ എഫ് ഐ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. സ്വന്തം മകനെ കുഴല്‍പ്പണം കടത്താന്‍ ഉപയോഗിക്കുകയും പിന്‍വാതില്‍ വഴി കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനത്തില്‍ അനധികൃത നിയമനം സമ്പാദിക്കുകയും ചെയ്ത സുരേന്ദ്രന്‍ ഡിവൈഎഫ്‌ഐയെ സമരം ചെയ്യാന്‍ ഉപദേശിക്കേണ്ട. കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരെയും റെയില്‍വേയിലെ ഒഴിവുകള്‍ നികത്താത്തതിനെതിരെയും തിരുവനന്തപുരം വിമാനത്താവളം വില്‍പ്പന നടത്തിയതിനെതിരെയും ബിഎസ്എന്‍എല്‍ തകര്‍ത്തതിനെതിരെയും കരാര്‍വത്കരണത്തിനെതിരെയും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സമരം ചെയ്യാന്‍ യുവമോര്‍ച്ചയെ ഉപദേശിക്കുകയാണ് കെ.സുരേന്ദ്രന്‍ ചെയ്യേണ്ടത്.