പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് പിന്‍വലിക്കണം' ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്‌.ഐ

പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച് ഡിവൈഎഫ്‌ഐ ്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെകട്ടറിയേറ്റ് പറയുന്നു.

കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തിയിട്ടില്ല.

പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. പെന്‍ഷന്‍ പ്രായം 60 ആക്കിയുള്ള ഉത്തരവ് ഞായറാഴ്ചയാണ് ഇറങ്ങിയത്.

പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. പെന്‍ഷന്‍ പ്രായം വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകും. അദ്ദേഹം വ്യക്തമാക്കി.