സി.പി.ഐ. എം പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന ഇ. ബാലാനന്ദന്‍ അനുസ്മരണദിനം 19-ന് ആചരിക്കാന്‍ സി.പി.ഐ. എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. പാര്‍ട്ടി ഓഫീസ് അലങ്കരിച്ചും പതാക ഉയര്‍ത്തിയും ദിനാചരണം നടത്തും.
ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് ദിശാബോധം പകര്‍ന്നുതന്ന നിസ്വാര്‍ത്ഥനായ തൊഴിലാളി നേതാവ് ഇ. ബാലാനന്ദന്‍ വേര്‍പിരിഞ്ഞിട്ട് ഇന്ന് 14 വര്‍ഷമാകുന്നു. അലുമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയില്‍ നിന്ന് രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എന്നതിലേക്ക് വളര്‍ന്ന സംഭവബഹുലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
1924- ല്‍ കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ച അദ്ദേഹം കുടുംബത്തിലെ സാഹചര്യം കാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതനായി. ആദ്യം ഷാപ്പുതൊഴിലാളിയായും കൂലിപ്പണിക്ക് പോയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയ അദ്ദേഹം ഏലൂരിലെ അലുമിനിയം കമ്പനിയില്‍ പണിക്കാരനായി കയറുന്നതോടെയാണ് തൊഴിലാളി വര്‍ഗ്ഗ ചരിത്രത്തില്‍ ഒരു പുതിയ ചരിത്രം പിറക്കുന്നത്. അലുമിനിയം കമ്പനിയിലെ പണിശാലയില്‍ നിന്നാണ് അദ്ദേഹം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയത്.
പിന്നീട് അലുമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി ഇ. ബാലാനന്ദന്‍ ചുമതലയേറ്റെടുത്തു. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആറാമത്തെ തൊഴിലാളി യൂണിയനായിരുന്നു അത്. ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1943ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലുവ സെല്‍ രൂപീകരിച്ചപ്പോള്‍ അതിലെ അംഗമായി മാറി. നിരന്തരം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ അലൂമിനിയം കമ്പനി പുറത്താക്കി.
ഫാക്ടറിയില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തകനായി മാറി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വ്യാപകമായ അസത്യ പ്രചാരണമുണ്ടായപ്പോള്‍ അതിനെതിരെ മര്‍മ്മത്തിന് കൊള്ളുന്ന തരത്തില്‍, ഒളിവിലിരിക്കെ തന്നെ പൊതുയോഗത്തില്‍ പ്രസംഗിച്ച് മറുപടി നല്‍കിയതും ചരിത്രമാണ്. ഇതിന് പിന്നാലെ പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തു. പിന്നീട് നീണ്ട അഞ്ചുവര്‍ഷം ജയില്‍വാസവും നാലരവര്‍ഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ് മര്‍ദ്ദനത്തിന് പലതവണ ഇരയായെങ്കിലും തന്റെ ആദര്‍ശങ്ങളെ പണയം വെയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല.
സി.പി.ഐ. എം രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായി. 1972-ല്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്. 1978-ല്‍ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നു പതിറ്റാണ്ടോളം ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. എ കെ ജിക്കും ഇ എം എസിനും ശേഷം പാര്‍ട്ടി പി.ബിയില്‍ എത്തിയ മലയാളിയായിരുന്നു ഇ. ബാലാനന്ദന്‍.
മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു ഇ. ബാലാനന്ദന്‍. 1967 മുതല്‍ 1977 വരെ കേരള നിയമസഭാംഗമായി. 1980-ല്‍ ലോക്സഭാംഗവും പിന്നീട് രണ്ടുതവണ രാജ്യസഭാംഗവുമായി. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ നേടുന്നതിനുള്ള സമരവേദിയായി പാര്‍ലമെന്റിനെ മാറ്റുന്നതില്‍ അദ്ദേഹം വ്യക്തമായ വിജയം വരിച്ചു. അസംഘടിത തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇതിനായി നിയമനിര്‍മ്മാണ ഘട്ടങ്ങളില്‍ ബാലാനന്ദന്‍ നടത്തിയ ഇടപെടലുകള്‍ക്ക് ബില്‍ അവതരിപ്പിക്കുന്ന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും വരെ അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1970-ല്‍ സി.ഐ.ടി.യു രൂപീകരിച്ചപ്പോള്‍ അതിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് അഖിലേന്ത്യ ട്രഷററുമായി. വൈദ്യുതി ജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത് അദ്ദേഹം തന്നെയാണ് . സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. വൈദ്യുതി ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു്. അവസാനകാലം വരെ ബാലാനന്ദന്‍ അതിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു.
ജീവിതപ്രാരാബ്ധം കാരണം ഏഴാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്ന അദ്ദേഹത്തിന് അതൊരിക്കലും ഒരു പോരായ്മയായില്ല. അത്തരം കടമ്പകളെ മറികടന്ന് ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലും ശാസ്ത്ര വിഷയങ്ങളിലും സ്വപ്രയത്നം കൊണ്ട് തന്നെ അദ്ദേഹം പ്രാവീണ്യം നേടിയെടുത്തു. ഈ ഭാഷാപ്രാവീണ്യം പ്രയോജനപ്പെടുത്തി പ്രധാനമന്ത്രിമാരുടെവരെ വാദമുഖങ്ങളെ പരാജയപ്പെടുത്തി ഇംഗ്ലീഷില്‍ വാദപ്രതിവാദം നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു. മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായും അവസാനകാലത്ത് പ്രവര്‍ത്തിച്ചു.