ഇ ബുൾജെറ്റ് വ്ളോഗർമാർക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഐപിസി 341,506,534,34 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തടഞ്ഞുവെയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകൃത്യത്തിനു കുട്ടുനിൽക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇത്. ഇതിന് പുറമെ പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകർച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.
അതേസമയം ഇ ബുൾജെറ്റിന്റെ മുഴുവൻ വീഡിയോകളും പരിശോധിക്കാൻ പ്രത്യേക സൈബർ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. വീഡിയോ മരവിപ്പിക്കാൻ യൂ ട്യൂബിനോട് ആവശ്യപ്പെടും. മോശം കമന്‍റിടുന്ന കുട്ടികൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
അതേസമയം, കളക്ടറേറ്റിലെ ആർ.ടി.ഒ ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ കോടതിയിൽ സമ്മതിച്ചു. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങള്‍ ആർ.ടി.ഒ എൻഫോഴ്സ്മെന്റിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.
നികുതി അടച്ചില്ലെന്നതടക്കം ഒന്‍പത് നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്ളോഗര്‍മാരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ ഇവര്‍ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് ഉന്തുംതളളിലും കലാശിക്കുകയുമായിരുന്നു.