വാഹനത്തിന്റെ രൂപം അനധികൃതമായി മാറ്റിയതിനും നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനും ഇ ബുൾ ജെറ്റ് വാഹന വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത് വലിയ വാർത്തയായിരിക്കുകയാണ്. അതേസമയം ഇ ബുൾ ജെറ്റ് വാഹനവിവാദം ട്രോളുകളിലും തമാശകളിലും മാത്രം ഒതുങ്ങിപ്പോവേണ്ട ഒന്നാണെന്ന് തോന്നുന്നില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സന്ദീപ് ദാസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ. കുറേ ഫോളോവേഴ്സ് ഉണ്ട് എന്നത് നിയമം ലംഘിക്കാനുള്ള ലൈസൻസാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന വ്ലോഗർമാരും അവരുടെ ആരാധകരും ശരിക്കും സമാന്തര ലോകത്തിലാണ്. ആ ലോകത്തിൻ്റെ മാനസികനില ആശങ്കപ്പെടുത്തുന്നു എന്നും സന്ദീപ് ദാസ് കുറിപ്പിൽ പറയുന്നു.
സന്ദീപ് ദാസിന്റെ കുറിപ്പ്:
ബുൾ ജെറ്റ് വാഹനവിവാദം ട്രോളുകളിലും തമാശകളിലും മാത്രം ഒതുങ്ങിപ്പോവേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. മാദ്ധ്യമപ്രവർത്തകനായ അഭിലാഷ് മോഹനൻ്റെ പ്രതികരണമാണ് ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്. അഭിലാഷ് പറഞ്ഞത് ഇങ്ങനെ-
”ഇത് വലിയൊരു സാമൂഹികപ്രശ്നമാണ്. നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവത്കരണത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തരം മോബുകളുണ്ടാവുന്നത്. യാതൊരുവിധ കാഴ്ച്ചപ്പാടുകളുമില്ലാത്ത ആൾക്കൂട്ടങ്ങൾ ഉണ്ടായിവരുമ്പോൾ നാം ഭയപ്പെടേണ്ടിയിരിക്കുന്നു…!”
ബുൾ ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്തകളും വിഡിയോകളും കണ്ടപ്പോൾ എനിക്കും ചെറുതല്ലാത്ത ഭയം തോന്നി.
നമ്മുടെ കുട്ടികളുടെ രാഷ്ട്രീയബോധം എന്താണ്? അവരുടെ മാനസിക ആരോഗ്യത്തിൻ്റെ അവസ്ഥ എന്താണ്? ഒരു സാമൂഹ്യജീവി എന്ന നിലയിൽ അവർ എവിടെയാണ് നിൽക്കുന്നത്?
വാഹനത്തിൻ്റെ രൂപം അനധികൃതമായി മാറ്റിയതിനും നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനുമാണ് വ്ലോഗർമാർക്കെതിരെ നടപടിയുണ്ടായത്. തികച്ചും സ്വാഭാവികമായ ഒരു കാര്യം. അതിനെതിരെ ഭീഷണി മുഴക്കുന്നതും കണ്ണുനീർ പൊഴിക്കുന്നതും എത്രമാത്രം അപക്വമാണ്!
രാജ്യത്തെ എല്ലാ മനുഷ്യർക്കും നിയമങ്ങൾ ബാധകമാണ്. എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും. അങ്ങനെയിരിക്കെ വ്ലോഗർമാർക്ക് എന്ത് പ്രിവിലേജാണുള്ളത്?
കുറേ ഫോളോവേഴ്സ് ഉണ്ട് എന്നത് നിയമം ലംഘിക്കാനുള്ള ലൈസൻസാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന വ്ലോഗർമാരും അവരുടെ ആരാധകരും ശരിക്കും സമാന്തര ലോകത്തിലാണ്. ആ ലോകത്തിൻ്റെ മാനസികനില ആശങ്കപ്പെടുത്തുന്നു.
”വണ്ടികൊടുത്തില്ലെങ്കിൽ ഞാൻ കെട്ടിത്തൂങ്ങിച്ചാവും” എന്ന് വിലപിക്കുന്ന ഒരു പയ്യൻ്റെ വിഡിയോ കണ്ടിരുന്നു. അവന് 15 വയസ്സ് പോലും പ്രായമുണ്ടാവില്ല. വളരെ ഗൗരവത്തോടെയാണ് അവൻ അത് പറയുന്നതും. അതുപോലുള്ള കുട്ടികളുടെ മെൻ്റൽ ഹെൽത്ത് പരിശോധിക്കപ്പെടേണ്ടതാണ്. ആവശ്യമാണെങ്കിൽ ചികിത്സിക്കേണ്ടതാണ്.
കേരളം കത്തിക്കും എന്നാണ് ചിലരുടെ ഭീഷണി. ആ വാചകം എത്രമാത്രം സെന്‍സിറ്റീവാണെന്ന് ഇവർക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ്?
ആംബുലൻസ് മോഡിഫൈ ചെയ്യുന്നതിനെ ബുൾ ജെറ്റിനോട് താരതമ്യം ചെയ്യുന്നതും കണ്ടു! നാളെ തങ്ങൾക്ക് സ്വന്തമായി നോട്ടുകൾ അടിച്ചിറക്കണമെന്നും ഇവർ പറഞ്ഞെന്നിരിക്കും! അത്രമാത്രം വികലമാണ് അവരുടെ സാമൂഹിക ബോധം.
എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുക. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് അറിവുണ്ടാവണം. അവരിൽ നിലപാടുകളും ജനാധിപത്യബോധവും വളർത്താൻ ശ്രമിക്കണം. അവർ മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ സഹായിക്കണം. സ്നേഹം കൊണ്ട് അവരെ മാറ്റിയെടുക്കണം.
കുരുന്നുകൾ മനുഷ്യരായി വളരട്ടെ. അവർ റോബോട്ടുകളെപ്പോലെ പ്രതികരിക്കാതിരിക്കട്ടെ…!