കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിൡക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇനി കര്‍ണാടകത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് നിങ്ങള്‍ കാത്തിരിക്കൂ. അവരുടെ ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ അവര്‍ക്ക് കര്‍ണാടകത്തില്‍ അധികകാലം തുടരാന്‍ സാധിക്കില്ലന്ന് അദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ കര്‍ണാടകയിലും കോണ്‍ഗ്രസിന് അധിക കാലം തുടരാനാകില്ലെന്നും കാത്തിരുന്ന് കാണാം. തെലങ്കാന മുഖ്യമന്ത്രിയേയും കേരള മുഖ്യമന്ത്രിയേയും ക്ഷണിച്ചില്ല. ഇന്ത്യയില്‍ എന്ത് ബിജെപി വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന് സ്വീകരിക്കാന്‍ സാധിക്കുക. കോണ്‍ഗ്രസിന്റെ അപക്വമായതും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം ആ പാര്‍ട്ടിയെ അധഃപതനത്തിലേക്ക് എത്തിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഇപ്പോള്‍ തന്നെ തെളിയിച്ചുവെന്നും അദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയില്‍ നിരീക്ഷിക്കാന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുള്ളതാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെ രണ്ടു പേരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എല്ലാം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും. ഇതിന് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെവയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തും. ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോള്‍ പിന്നീട് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ആവുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 2-3 ഫോര്‍മുല നേതാക്കള്‍ അംഗീകരിച്ചെന്നാണ് സൂചന. ശിവകുമാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളു. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്.