പിണറായിക്ക് വഴിയൊരുക്കിയ രണ്ടാമന്‍; വിമാനത്തില്‍ വരെ പ്രതിരോധം തീര്‍ത്ത ആത്മസുഹൃത്ത്; കണ്ണൂര്‍ ലോബിയുടെ പോരില്‍ ആയുധങ്ങള്‍ നഷ്ടപ്പെട്ട 'കര്‍ണന്‍'; ഒടുവില്‍ ഇപിക്ക് പാര്‍ട്ടിയുടെ 'വെട്ട്'

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് കണ്ണൂരിലെ ജയരാജന്‍മാര്‍. പിണറായിയുടെ പദവിക്കായി വഴിവെട്ടിയവരില്‍ മൂന്നിലായിരുന്നു ഈ മൂന്നു ജയരാജന്‍മാരും. ഇപി ജയരാജന്‍, എംവി ജയരാജന്‍, പി ജയരാജന്‍ എന്നിവര്‍ അടങ്ങിയ സംഘത്തെ കണ്ണൂര്‍ലോബിയെന്ന് വരെ മാധ്യങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. പിണറായി-ജയരാജ ത്രയമായിരുന്നു വിഎസ് അച്യൂതാനന്ദനെതിരെ പാര്‍ട്ടില്‍ പടയൊരുക്കം നടത്തിയതും അതിലൂടെ മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വിജയനെ എത്തിച്ചതും.

പിണറായി മുഖ്യമന്ത്രിയായപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ എടവന്‍ പുതിയ വീട്ടില്‍ ജയരാജനെയും ഒപ്പംകൂട്ടി. ഇപി സര്‍ക്കാരിലെയും പാര്‍ട്ടിലെയും രണ്ടാമനായി.
കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വേറേയും മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കിലും കണ്ണൂരിന്റെ സ്വന്തം ജയരാജന് തന്നെയായിരുന്നു രണ്ടാം സ്ഥാനം. ഇതോടെ കണ്ണൂര്‍ ജയരാജന്‍ സമവാക്യങ്ങള്‍ തെറ്റി.

പിന്നീട് 2021ല്‍ ഇപി ജയരാജന് മത്സരിക്കാന്‍ സീറ്റുനല്‍കാതായതോടെ അദേഹം പാര്‍ട്ടി സെക്രട്ടറിയാകുമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. കാല്‍ നൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് സിപിഎം കണ്ണൂര്‍ ഘടകത്തിലെ ജയരാജന്മാര്‍. ഇവര്‍ ആരും മത്സരിക്കാത്ത തിരഞ്ഞെടുപ്പായിരുന്നു 2021ലേത്.

1987ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നത് അതാദ്യമായിരുന്നുൃ. 87 ല്‍ അഴീക്കോട്ട് എംവി രാഘവനെതിരെ പോരാട്ടത്തിനിറങ്ങിയാണ് മന്ത്രി ഇ.പി.ജയരാജന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചത്. വിജയം പക്ഷേ എംവിആറിനൊപ്പമായിരുന്നു. 91-ല്‍ അഴീക്കോട് ജയരാജന്‍ പിടിച്ചെടുത്തു. 96 മുതല്‍ പാര്‍ട്ടി സംഘടന സംവിധാനത്തിന്റെ ഭാഗമായി. 2011ലും 16 ലും മട്ടന്നൂരില്‍ നിന്ന് ജയിച്ചു കയറി.

പാര്‍ട്ടിക്കുള്ളിലും പുറത്തും ഒരുപോലെ പോരാടി വന്നവനാണ് ഇപി ജയരാജന്‍. മുന്നണിയുടെ ഐക്യം ഒരുപോലെ കാത്തുസൂക്ഷിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ കണ്‍വീനര്‍ സ്ഥാനം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍ട്ടി തന്നെ എടുത്തുമാറ്റിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യമാണ് കേരളം ഉറ്റുനോക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ കൂടിക്കാഴ്ചയാണ് കണ്‍വീനര്‍ കസേരയ്ക്ക് വില്ലനായത്. പൊതുതിരഞ്ഞെടുപ്പ് ദിവസം ഇപി ഇക്കാര്യം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞതോടെ പാര്‍ട്ടി പ്രതിസന്ധിയിലുമായി. ഒറ്റ സീറ്റില്‍ ലോകസഭയില്‍ ഒതുങ്ങി. കോടിയേരിയുടെ മരണശേഷം പാര്‍ട്ടി സെക്രട്ടറിയാകുമെന്ന് എല്ലാവരും കരുതിയിരുന്ന ആളാണ് ഇപി. എന്നാല്‍, ആദ്യം തന്നേക്കാള്‍ ജൂനിയറായ എ വിജരാഘവന് ചുമതല നല്‍കുകയും പിന്നീട് മന്ത്രിയായിരുന്ന എംവി ഗോവിന്ദനെ രാജിവെപ്പിച്ച് സംസ്ഥാന സെക്രട്ടറിയായതോടെ ഇപി അതൃപ്തി പരസ്യമാക്കി.

കൂടിക്കാഴ്ച പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി തുടരുന്നതില്‍ മുന്നണിയിലെ രണ്ടാമനായ സിപിഐ കടുത്ത അതൃപ്തി ആദ്യമേ പ്രകടിപ്പിച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ സ്വന്തം തട്ടകമായ കണ്ണൂര്‍പോലും പൂര്‍ണമായും ഇപിയെ തള്ളിയ അവസ്ഥയിലായിരുന്നു.

സമരം ചെയ്യരുതെന്ന് എസ്എഫ്ഐക്കാരോടും കട്ടന്‍ചായയും പരിപ്പുവടയും കഴിച്ചുള്ള പ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞുവെന്ന് പാര്‍ട്ടിക്കാരോടും പറഞ്ഞത് ചെറിയ വിവാദമല്ല ഉയര്‍ത്തിയത്. ഭക്ഷണത്തിനൊപ്പം അല്‍പം മദ്യം കഴിക്കുന്നത് തെറ്റല്ലെന്ന് നാട്ടുകാരോട് പറഞ്ഞതും ഇപിയെ കുടുക്കിയിരുന്നു.

ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പാര്‍ട്ടി പത്രം രണ്ട് കോടി രൂപയുടെ ബോണ്ട് വാങ്ങിയതും മറ്റൊരു വിവാദമായി. ഈ വിഷയത്തില്‍ ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരിക്കെ ബന്ധുനിയമന വിവാദത്തില്‍ മന്ത്രിക്കസേര തെറിച്ചു. പിന്നീട് വീണ്ടും മന്ത്രിക്കസേരയില്‍ തിരിച്ചെത്തി. അന്ന് മുതലേ കണ്ണൂര്‍ ഘടകത്തിന്റെ കണ്ണിലെ കരടായിരുന്നു ഇപി.

വെടിയുണ്ടയുമായി സഞ്ചരിക്കുന്ന പോരാളി

ചണ്ഡീഗഡിലെ പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഭാര്യയ്ക്കും മറ്റ് നേതാക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ ഇ.പി.ജയരാജന് വെടിയേറ്റത്. ട്രെയിന്‍ ആന്ധ്രയിലെ സിറാല സ്റ്റേഷനിലെത്തിയപ്പോള്‍ മുഖം കഴുകാന്‍ വാഷ്‌ബേസിനരികിലേക്ക് പോയ ജയരാജനെ രണ്ട് അക്രമികളിലൊരാള്‍ കൈത്തോക്ക് കൊണ്ട് വെടിവച്ചു. ഗൂഢാലോചനയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കേസില്‍ പ്രതിയാക്കി.

വെടിവയ്ക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന വിക്രംചാലില്‍ ശശി വര്‍ഷങ്ങള്‍ക്കുശേഷം കൊല്ലപ്പെട്ടു. മറ്റൊരു പ്രതിയായ പേട്ട ദിനേശന്‍ സിപിഎം പ്രവര്‍ത്തനെ ജയിലില്‍ കൊലപ്പെടുത്തിയതിന് റിമാന്‍ഡ് തടവുകാരനായി കഴിയുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനുശേഷം കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ബോണ്ട് വിവാദം

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി രണ്ട് കോടി രൂപയുടെ ബോണ്ട് നിക്ഷേപമായി സ്വീകരിച്ചു എന്നതായിരുന്നു പ്രധാന വിവാദം. അന്ന് ഇപി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജറായിരുന്നു. ജയരാജന്‍ നേരിട്ടായിരുന്നു പണം വാങ്ങിയത്.

പാര്‍ട്ടിയും സര്‍ക്കാരും ലോട്ടറി മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ജയരാജന്‍ ദേശാഭിമാനിക്ക് വേണ്ടി മാര്‍ട്ടിനില്‍ നിന്ന് ബോണ്ട് വാങ്ങിയത്. വാങ്ങിയ പണം തിരികെ കൊടുത്ത് തടിയൂരുകയാണ് ഇപിയും പാര്‍ട്ടിയും അന്ന് ചെയ്തത്. ജാഗ്രത കുറവ് സംഭവിച്ചു എന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.പിന്നീട് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനില്‍ നിന്ന് ദേശാഭിമാനിക്ക് വേണ്ടി പരസ്യം സ്വീകരിച്ചതും വിവാദമായിരുന്നു.

പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ച് വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴും ജയരാജന്‍ തന്നെ ആയിരുന്നു ജിഎം. ഒടുവില്‍ പാര്‍ട്ടി തന്നെ നടപടി തെറ്റായിരുന്നുവെന്ന് വിലയിരുത്തി. പക്ഷേ ജയരാജന്‍ പരസ്യം സ്വീകരിച്ച നടപടി തെറ്റാണെന്ന് ഇതുവരെ സമ്മതിച്ചിരുന്നില്ല.

ദേശാഭിമാനിയില്‍ വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം നല്‍കിയതിന് പുറമേ ദേശാഭിമാനിയുടെ ഭൂമി രാധാകൃഷ്ണന് തന്നെ വിറ്റതായിരുന്നു അടുത്ത വിവാദം. തിരുവനന്തപുരത്ത് പത്രത്തിന്റെ പഴയ കെട്ടിടം നിന്നിരുന്ന 32 സെന്റ് സ്ഥലം രാധാകൃഷ്ണന്‍ എംഡിയായിരുന്ന കാപ്പിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്സിന് മൂന്ന് കോടി 30 ലക്ഷം രൂപയ്ക്കാണ് വിറ്റത്. വിപണി വിലയേക്കാള്‍ താളെയാണ് കച്ചവടം നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദേശാഭിമാനിയുടെ സ്ഥലം ആര്‍ക്ക് വിറ്റു എന്നത് പാര്‍ട്ടിയോട് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ജയരാജന്റെ വാദം. വിറ്റ കമ്പനിയുടെ എംഡി രാധാകൃഷ്ണന്‍ അല്ലെന്നും വാദിച്ചു. പക്ഷേ ഇതിലും അവസാനം ജയരാജന് അടിയറവ് പറയേണ്ടി വന്നു.

കട്ടന്‍ ചായ വിവാദം

സിപിഎമ്മിന്റെ വലത് വ്യതിയാനത്തിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതും ഇപി ജയരാജന്റെ ഒരു പ്രസംഗം ആയിരുന്നു. അമ്പത് വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചതുപോലെ ഇപ്പോള്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. കട്ടന്‍ ചായയും പരിപ്പുവടയും ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാവില്ലെന്നാണ് 2007 ല്‍ മൊറായില്‍ ജയരാജന്‍ പ്രസംഗിച്ചത്. പിന്നീട് കോട്ടയത്ത് ഒരു പരിപാടിക്ക് ജയരാജന്‍ ഒരിക്കല്‍ പങ്കെടുക്കാനെത്തിയത് ഒരു ആഡംബര കാറില്‍ ആയിരുന്നു. ഈ കാര്‍ ആരുടേതാണ് എന്ന രീതിയിലും അന്ന് ചര്‍ച്ചകള്‍ നടന്നു. വലതുവ്യതിയാനത്തിന്റെ കാര്യത്തില്‍ ജയരാജന്‍ വീണ്ടും വിവാദനായകനായി.

കണ്ടല്‍ പാര്‍ക്ക് വിവാദം

കണ്ണൂര്‍ വളപട്ടണത്ത് കണ്ടല്‍ പാര്‍ക്ക് നിര്‍മാണവും ജയരാജനെ വിവാദ നായകനാക്കി. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ക്കിന്റെ പദ്ധതി. ജയരാജന്‍ ആയിരുന്നു സൊസൈറ്റിയുടെ ഉപദേഷ്ടാവ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി വന്നപ്പോഴും പാര്‍ക്കിനെ പിന്തുണച്ച് വിവാദ നായകനായത് ജയരാജന്‍ തന്നെ.

മുഹമ്മദലി വിവാദം

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോള്‍ കേരളത്തിന്റെ കായിക രംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. സ്വര്‍ണമെഡല്‍ നേടി മുഹമ്മദ് അലി കേരളത്തിന്റെ പ്രശസ്തി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്ന് വരെ ജയരാജന്‍ പറഞ്ഞു. ഇതോടെ ശക്തനായ മന്ത്രി ഹാസ്യതാരമായി.

ബന്ധു നിയമനം

വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഇയുടെ എംഡിയായി പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതായിരുന്നു വിഷയം. എന്നാല്‍ ഇക്കാര്യത്തില്‍ മുമ്പത്തെ പോലെ പിടിച്ചു നില്‍ക്കാന്‍ ജയരാജന് സാധിച്ചില്ല. പാര്‍ട്ടിയും എതിര്‍ത്തു, എക്കാലവും കൂടെ നിന്ന പിണറായി വിജയനും എതിര്‍ത്തു. തുടര്‍ന്ന് രാജിവെച്ച് ഒഴിയേണ്ടി വന്നു.

ഇന്‍ഡിഗോ വിമാനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗൊ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇ പി ജയരാജന്‍ വീണ്ടു, വിവാദങ്ങളില്‍ നിറഞ്ഞു. അതിക്രമത്തില്‍ അദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ജയരാജനും

ജയരാജനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെയാണ് അദേഹം കുടുങ്ങിയത്. . നേരത്തെ, ഇന്‍ഡിഗോ വിമാനക്കമ്പനി ജയരാജനു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലെനി തോമസാണു തിരുവനന്തപുരം വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, വി എം സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.

വിമാനത്തില്‍ പ്രതിഷേധിച്ച തങ്ങളെ ഇ പി ജയരാജന്‍ മര്‍ദിച്ചതായി ചൂണ്ടിക്കാണിച്ചാണു ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ഹര്‍ജി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണു കോടതിയെ സമീപിക്കുന്നതെന്നാണു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇ പി ജയരാജനെ വിമാനയാത്രയില്‍നിന്നു മൂന്നാഴ്ചത്തേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കിയിരുന്നു. തുടര്‍ന്ന് താന്‍ ഇന്‍ഡിഗോയെയും വിലക്കുകയാണെന്ന ഇപിയുടെ പ്രസ്താവനയ്ക്ക് വലിയ ട്രോളുകളാണ് ലഭിച്ചത്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍